ഇടുക്കി: ഉപ്പുതറ ബിവറേജസ് ഷോപ്പിന് സമീപത്തുനിന്ന് 50 കുപ്പി മദ്യം എക്സൈസ് കണ്ടെത്തി. ബിവറേജ് പ്രവര്‍ത്തിച്ചുവരുന്ന കെട്ടിടത്തോട് ചേര്‍ന്ന് പിറകുവശത്തുള്ള ശൗചാലയത്തിന് സമീപത്ത് നിന്ന് മൂന്ന് ബാഗുകളിലായാണ് മദ്യ കുപ്പികള്‍ കണ്ടെത്തിയത്. മൂന്ന് ഇനത്തില്‍ പെട്ട അര ലിറ്റര്‍ വീതമുള്ള 50 കുപ്പികളിലായി 25 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് ഉടമസ്ഥര്‍ ആരുമില്ലാത്ത നിലയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഈ മദ്യ കുപ്പികളുടെ അടപ്പിലുണ്ടായിരുന്ന സെക്യൂരിറ്റി സ്റ്റിക്കറുകളിലെ ലേബല്‍ നമ്പറുകളില്‍ അവസാന അക്കങ്ങള്‍ നശിപ്പിച്ച നിലയിലായിരുന്നു.
ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വ്യാജ മദ്യ ഉല്‍പ്പദനവും വിപണനവും തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് മദ്യകുപ്പികള്‍ കണ്ടെത്തിയത്. ഡിസംബര്‍ 5 മുതല്‍ ജനുവരി 3 വരെയുള്ള സ്പെഷ്യല്‍ ഡ്രൈവ് കാലയളവില്‍ കര്‍ശന പരിശോധനകള്‍ സ്വീകരിച്ചു വരുന്നതിന്റെ ഭാഗമായി പീരുമേട് എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ജീവനക്കാരും പീരുമേട് എക്സൈസ് റേഞ്ചു ജീവനക്കാരും സംയുക്തമായി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി വിജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കെയ്സ് കണ്ടെത്തയത്.
ഈ കെയ്സ്സില് ഉള്‍പ്പെട്ട മദ്യക്കുപ്പികള്‍ കെഎസ്ബിസി ഷോപ്പിന് സമീപം എങ്ങനെ എത്തി എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.