KeralaNEWS

വിമതവൈദികർക്ക് സമ്മാനം! ഏകീകൃത കുർബാന ചൊല്ലിയില്ലെങ്കിൽ കൈ വെട്ടുമെന്ന് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർക്ക് ഭീഷണിക്കത്ത്

കൊച്ചി: ഏകീകൃത കുർബാന ചൊല്ലിയില്ലെങ്കിൽ കൈ വെട്ടുമെന്ന് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർക്ക് ഭീഷണിക്കത്ത്. 15 വൈദികർക്ക് ആണ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് ലഭിച്ചത്. ആലുവ അശോകപുരം ഇടവക വികാരി ഫാ. ആന്റണി ചോലിക്കര അടക്കമുള്ളവർക്കാണ് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്. വിമതവൈദികർക്ക് വേണ്ടി മാത്രമുള്ള സമ്മാനമാണിതെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. അടുത്ത വർഷത്തെ ക്രിസ്മസ് രാത്രിക്കുള്ളിൽ തന്നെ ശിക്ഷാ നടപടികൾ ഘട്ടംഘട്ടമായി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പുകൾ വിശ്വാസി സമൂഹം തയ്യാറാക്കി എന്നും കത്തിൽ പറയുന്നുണ്ട്. സഭയെ അനുസരിക്കാത്ത മെത്രാൻമാരും വൈദികരും വിശ്വാസികൾക്ക് ആവശ്യമില്ല എന്ന് കൂടി കൂട്ടിച്ചേർത്താണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

അതേ സമയം, ഡിസംബർ 25 മുതൽ എറണാകുളം അങ്കമാലി അതിരൂപതയിൽ സിനഡ് നിർദ്ദേശിച്ച ഏകീകൃത കുർബാന നടപ്പിലാക്കണമെന്ന് ആവർത്തിച്ച് സിറോമലബാർ സഭ നേതൃത്വം രം​ഗത്തെത്തിയിരുന്നു. സഭാ തലവനായ മാർപ്പാപ്പയുടെ തീരുമാനമാണിതെന്നും സഭാ കൂട്ടായ്മയിൽ തുടരാൻ ആഗ്രഹിക്കുന്നവർ മാർപ്പാപ്പയെ അനുസരിക്കണമെന്നും വാർത്താ കുറിപ്പിൽ അറിയിച്ചു. മാർപ്പാപ്പയെ സഭാ നേതൃത്വം തെറ്റിദ്ധരിപ്പിച്ചതാണെന്ന് കഴിഞ്ഞ ദിവസം വിമത വിഭാഗം ആരോപിച്ചിരുന്നു.

Signature-ad

എന്നാൽ മാർപ്പാപ്പയുടെ വീഡിയോ സന്ദേശത്തെ തെറ്റായി വ്യാഖ്യാനിച്ച് എറണാകുളം അങ്കമാലി അതിരൂപതയിൽ കുർബാന നടപ്പാക്കുന്നതിന് ഇളവ് ഉണ്ടെന്ന പ്രചാരണത്തിന് ശ്രമിക്കുന്നുണ്ട്. ഇത് അനുസരണക്കേടിനെ ന്യായീകരിക്കാനുള്ള വാദമാണെന്നും ആഘോഷ ദിവസങ്ങളിൽ മാത്രം ഏകീകൃത കുർബാന അർപ്പിക്കാം എന്ന് വീഡിയോ സന്ദേശത്തിൽ മാർപ്പാപ്പ പറഞ്ഞിട്ടില്ലെന്നും സിറോ മലബാർ സഭ വ്യക്തമാക്കി.

അതേ സമയം, ഏകീകൃത കുർബാനയിൽ എറണാകുളം – അങ്കമാലി അതിരൂപതയ്ക്ക് ഇളവ് നൽകാനാകില്ലെന്ന് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷബ് ബോസ്കോ പുത്തൂർ നിലപാട് വ്യക്തമാക്കിയിരുന്നു. മാർപ്പാപ്പയുടെ തീരുമാനം അനുസരിക്കണം. ഏറ്റുമുട്ടലിനില്ലെന്നും ചർച്ചയിലൂടെ സമവായം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ബിഷപ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡിസംബർ 25 നകം എറണാകുളം അങ്കമാലി അതിരൂപയിൽ ഏകീകൃത കുർബാന നടപ്പാക്കണമെന്നാണ് മാർപ്പാപ്പ നൽകിയ അന്ത്യശാസനം. മാർപ്പാപ്പയുടെ തീരുമാനം അന്തിമമാണെന്നും അത് നടപ്പാക്കുക എന്നതാണ് തന്‍റെ ചുമതലയെന്നും പുതിയ അഡ്മിനിസ്ട്രേറ്റർ ബിഷപ് ജോസ്കോ പുത്തൂർ പറഞ്ഞു.

Back to top button
error: