കൊച്ചി: എളമക്കരയിൽ കൊല്ലപ്പെട്ട കുഞ്ഞിൻ്റെ സംസ്കാരം പൊലീസും കോർപറേഷനും ചേർന്ന് നടത്തും. പത്ത് ദിവസമായിട്ടും മൃതദേഹം ഏറ്റെടുക്കാൻ ആരും എത്താഞ്ഞതിനെ തുടർന്നാണ് പൊതുശ്മശാനത്തിൽ സംസ്കരിക്കുന്നത്. കൊലക്കേസില്‍ പ്രതിയായ കുഞ്ഞിന്റെ അമ്മ ജയിലിൽ തുടരുകയാണ്.
എളമക്കരയിൽ ഒന്നരമാസം പ്രായമുള്ള ആൺകുഞ്ഞ് കൊല്ലപ്പെട്ടിട്ട് പന്ത്രണ്ട് ദിവസമായി. പോസ്റ്റേ്മാർട്ടം കഴിഞ്ഞ് മോർച്ചറിയുടെ തണുപ്പിലേക്ക് മാറ്റിയ മൃതദേഹം ഏറ്റെടുക്കാൻ ഇതുവരെ ആരും വന്നില്ല. അമ്മയും പങ്കാളിയും ജയിലാണ്. കണ്ണൂരിലുള്ള കുഞ്ഞിൻ്റെ അച്ഛൻ തൻ്റെ കുഞ്ഞല്ല അതെന്ന് പറഞ്ഞ് ഏറ്റെടുക്കാൻ വിസമ്മതിച്ചു. പൊലീസിന് എഴുതിക്കൊടുത്തു. അമ്മയുടെ ബന്ധുക്കളെയും പൊലീസ് വിളിച്ചുവരുത്തി. അവരും പിഞ്ചുദേഹം ഏറ്റെടുത്തില്ല.
ഒടുവിലാണ് കോർപറേഷൻ്റെ സാനിധ്യത്തിൽ മൃതദേഹം സംസ്ക്‌കരിക്കാൻ പൊലീസ് തീരുമാനിച്ചത്. പച്ചാളം പൊതുശ്മശാനത്തിൽ സംസ്കാരം നടത്തണോ മറ്റെവിടെയെങ്കിലും സംസ്കരിക്കണോ എന്ന് ഉടൻ തീരുമാനിക്കും. കോർപറേഷനുള്ളിൽ തന്നെയാണെങ്കിൽ കൗൺസിലറുടെ സാന്നിദ്ധ്യത്തിലായിരിക്കും ചടങ്ങുകൾ. ജനിച്ച് ഒന്നര മാസത്തിനിടെ കൊടും ക്രൂരതകളുടെ ഇരയായി കൊല്ലപ്പെട്ട കുഞ്ഞിന് മരിച്ചിട്ടും വൈകുന്ന നീതിയിലാണ് നമ്മുടെ സംവിധാനങ്ങളുടെ ഇടപെടൽ.