SportsTRENDING

ടി20 ലോകകപ്പില്‍ ആരൊക്കെയാവും ടീം ഇന്ത്യക്കു വേണ്ടി പോര്‍ക്കളത്തിലിറങ്ങുക?

ടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ആരൊക്കെയാവും ടീം ഇന്ത്യക്കു വേണ്ടി പോര്‍ക്കളത്തിലിറങ്ങുക?

ടൂര്‍ണമെന്റിനു ഇനി ഏഴു മാസത്തോളം ബാക്കിയുണ്ടെങ്കിലും ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോള്‍ തന്നെ ഇതേക്കുറിച്ച്‌ കണക്കുകൂട്ടലുകള്‍ ആരംഭിച്ചുകഴിഞ്ഞു.

ഒരു മാസത്തോളം ദൈഘ്യമുള്ള ടൂര്‍ണമെന്റ് ജൂണിലാണ് നടക്കുക. വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ് ലോകകപ്പിന്റെ സംയുക്ത ആതിഥേയര്‍.

Signature-ad

2007ലെ പ്രഥമ ടി20 ലോകകപ്പിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് ഈ ടൂര്‍ണമെന്‍ന്റിനെ ഉറ്റുനോക്കുന്നത്. ഒരു ഐസിസി ട്രോഫിക്കായുള്ള 2013 മുതലുള്ള കാത്തിരിപ്പ് ഈ ടൂര്‍ണമെന്റിലെങ്കിലും അവസാനിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഇന്ത്യ. അടുത്തിടെ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ ഈ ലക്ഷ്യത്തിനു തൊട്ടരികെ വരെയെത്തിയെങ്കിലും ഫൈനലില്‍ പിഴയ്ക്കുകയായിരുന്നു.

 

വലിയൊരു താരനിര തന്നെ ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. അവരില്‍ നിന്നും ഏറ്റവും ബെസ്റ്റിനെ കണ്ടെത്തുകയെന്നതാണ് ഇനി ഇന്ത്യക്കു മുന്നിലുള്ള വെല്ലുവിളി. ടീമിലെ ഓരോ സ്‌പോട്ടിലേക്കും നിരവധി കളിക്കാരാണ് സ്ഥാനത്തിനായി പോരടിക്കുന്നത്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു വിശദമായി പരിശോധിക്കാം.

 

ബാറ്റിങ്ങില്‍ ആദ്യത്തെ മൂന്നു സ്ഥാനങ്ങളെടുത്താല്‍ ഈ റോളുകളിലേക്കു മല്‍സരരംഗത്തുള്ളത് എട്ടു പേരാണ്. പക്ഷെ ഇവരില്‍ നാലു പേര്‍ക്കു മാത്രമേ ടീമില്‍ ഇടം ലഭിക്കുകുയുള്ളൂ. ബാക്കിയുള്ള നാലു പേര്‍ക്കു ലോകകപ്പ് മോഹം മറക്കേണ്ടതായി വരും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ബാറ്റിങ് ഇതിഹാസം വിരാട് കോലി, ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, മലയാളി താരം സഞ്ജു സാംസണ്‍ എന്നിവരാണിത്.

 

ഇക്കൂട്ടത്തില്‍ രോഹിത്തും കോലിയും ടി20 ലോകകപ്പില്‍ കളിക്കുമോയെന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല. ടി20യിലെ ഭാവിയെക്കുറിച്ച്‌ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ബിസിസിഐ ഇരുവര്‍ക്കും വിട്ടുനല്‍കിയിരിക്കുകയാണ്. ഒരുപാട് അനുഭവസമ്ബത്തുള്ള രോഹിത്തിന്റെയും കോലിയുടെയും സാന്നിധ്യം തീര്‍ച്ചയായും ലോകകപ്പില്‍ ഇന്ത്യക്കു ഗുണം ചെയ്യും.

 

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേറ്റ പരാജയത്തിനു ശേഷം രോഹിത്തും കോലിയും ഈ ഫോര്‍മാറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. പക്ഷെ ലോകകപ്പില്‍ കളിക്കാന്‍ തയ്യാറാണെങ്കില്‍ രോഹിത്തും കോലിയും ടീമിലുണ്ടാവുമെന്നാണ് സൂചനകള്‍. ഇതു ടോപ്പ് ത്രീയിലേക്കു മല്‍സരിക്കുന്ന മറ്റു താരങ്ങള്‍ക്കു വലിയ തിരിച്ചടിയാവുകയും ചെയ്യും.

 

രോഹിത്തും കോലിയും കഴിഞ്ഞാല്‍ ടോപ്പ് ത്രീയില്‍ സ്ഥാനമുറപ്പുള്ള അടുത്തയാള്‍ ഗില്ലാണ്. ബാക്കിയുള്ള അഞ്ചു പേരില്‍ നേരിയ മുന്‍തൂക്കമുള്ളത് ഇടംകൈയന്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാനാണ്. ഇതോടെ രാഹുല്‍, സഞ്ജു, ജയ്‌സ്വാള്‍, റുതുരാജ് എന്നിവരുടെ പ്രതീക്ഷകള്‍ മങ്ങുകയും ചെയ്യും.

 

ടീമിലെ ശേഷിച്ച നാലു സ്‌പോട്ടുകളിലേക്കു പോരടിക്കുന്നതും എട്ടു പേര്‍ തന്നെയാണ്. എന്നാല്‍ ഇവരില്‍ അഞ്ചു പേര്‍ക്കു ലോകകപ്പ് ടീമില്‍ ഇടം ലഭിക്കും. ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജിതേഷ് ശര്‍മ, റിങ്കു സിങ്, തിലക് വര്‍മ, അക്ഷര്‍ പട്ടേല്‍ എന്നിവരാണിത്. ഇതില്‍ സൂര്യ, ഹാര്‍ദിക് (ഫിറ്റാണെങ്കില്‍ മാത്രം), ജഡേജ എന്നിവര്‍ക്കാണ് ടീമില്‍ സ്ഥാനമുറപ്പുള്ളത്. ശേഷിച്ച രണ്ടു പേരുടെ റോളിലേക്കു റിങ്കു, അക്ഷര്‍ എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യതയുള്ളത്.

 

യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌നോയ് എന്നിവരാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നറുടെ റോളിലേക്കു പോരടിക്കുന്നത്. ഇവരിലൊരാള്‍ക്കു ടീമില്‍ ലഭിക്കും. അതു കുല്‍ദീപ് തന്നെയായിരിക്കും. പക്ഷെ മികച്ച പ്രകടനങ്ങളിലൂടെ ബിഷ്‌നോയ് അദ്ദേഹത്തിനു വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ചഹലിനു ലോകകപ്പില്‍ കാര്യമായ പ്രതീക്ഷ വേണ്ട.

 

ബൗളിങില്‍ പ്ലെയിങ് ഇലവനിലെ സ്ഥാനത്തിനു വേണ്ടി പോരടിക്കുന്നത് എട്ടു പേരാണ്. ഇവരില്‍ നിന്നും മൂന്നു പേരായിരിക്കും ഇലവനിലേക്കു വരുന്നത്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, ദീപക് ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുകഷ് കുമാര്‍ എന്നിവരാണിത്. ഇതില്‍ ബുംറയാണ് സ്ഥാനമുറപ്പാക്കിയ ബൗളര്‍.

Back to top button
error: