CrimeNEWS

വിശ്വസിക്കാൻ പ്രയാസം, വ്യക്തിപരമായി വിശ്വസിക്കുന്നില്ല; ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പത്മകുമാറിന്‍റെ മൊഴിയിൽ ചോദ്യങ്ങളുമായി ഗണേഷ് കുമാർ; ഇതാണ് കാരണങ്ങൾ…

കൊല്ലം: കൊല്ലത്തെ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ അറസ്റ്റിലായ പത്മകുമാറിൻറെ മൊഴിയിൽ ചോദ്യങ്ങളുമായി കെ ബി ഗണേഷ് കുമാർ എംഎൽഎ രംഗത്ത്. 2 കോടിയുടെ കട ബാധ്യതയുള്ള പത്മകുമാർ, വെറും 10 ലക്ഷം രൂപ കൈക്കലാക്കാൻ കുട്ടിയെ തട്ടിക്കൊണ്ട് പോകുമെന്ന് വിശ്വസിക്കാൻ പ്രയാസമുള്ള കാര്യമെന്നാണ് കെ ബി ഗണേഷ് കുമാർ അഭിപ്രായപ്പെട്ടത്. സാധാരണക്കാരനായ ഒരാൾ ഇങ്ങനെ ചെയ്യുമെന്നത് വ്യക്തിപരമായി വിശ്വസിക്കുന്നില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ​പ്രതികൾക്കെതിരെ പൊലീസ് കുട്ടിക്കടത്ത് അടക്കമുള്ള ​ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കുട്ടിക്കടത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ജീവപര്യന്തം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകളും ചുമത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടു പോകൽ, തടവിലാക്കൽ, ദേഹോപദ്രവമേൽപിക്കൽ ക്രിമിനൽ ​ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജൂവനൈൽ ജസ്റ്റീസ് നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പണം നേടുക എന്ന ലക്ഷ്യത്തോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചു എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ആറു വയസുകാരിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച സഹോദരനെ ആക്രമിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.

Signature-ad

അതേസമയം കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. പ്രതികൾക്കായി 2 അഭിഭാഷകർ ഹാജരായി. പത്മകുമാർ ആണ് കേസിലെ ഒന്നാം പ്രതി. ഭാര്യ അനിത കുമാരി രണ്ടാം പ്രതിയും മകൾ അനുപമ മൂന്നാം പ്രതിയുമാണ്. അനിതയെയും അനുപമയെയും അട്ടക്കുളങ്ങര വനിത ജയിലിലേക്ക് മാറ്റും. പത്മകുമാറിനെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റും. തിങ്കളാഴ്ച പൊലീസ് പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിച്ചാൽ കൂടുതൽ തെളിവെടുപ്പ് നടത്താനുള്ള നീക്കത്തിലാണ് പൊലീസ്. പ്രതികളെ സംഭവസ്ഥലത്ത് അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.

Back to top button
error: