നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ എസ് എസിനെ കൂടെ നിർത്താൻ യു ഡി എഫ് കണ്ടെത്തിയ അറ്റകൈ പ്രയോഗമാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ മകളും ചങ്ങനാശേരി എൻ.എസ്.എസ്. കോളേജ് പ്രിൻസിപ്പളുമായ ഡോ.എസ്.സുജാതയെ യുഡിഎഫ് സ്വതന്ത്രയായി മൽസരിപ്പിക്കുക എന്നത്. യു ഡി എഫ് വാഗ്ദാനം സുകുമാരൻ നായരുടെ മുന്നിൽ വച്ച് കഴിഞ്ഞു എന്നാണ് വിവരം.പ്രമുഖ കോൺഗ്രസ് നേതാക്കൾ പെരുന്നയിൽ സുകുമാരൻ നായരെ നേരിൽക്കണ്ട് നടത്തിയ രഹസ്യ ചർച്ചയിലാണ് ഈ വാഗ്ദാനം നൽകിയത് എന്നാണ് റിപ്പോർട്ട്.
യു ഡി എഫ് -ന്റെ സിറ്റിംഗ് സീറ്റുകളായ ചങ്ങനാശേരിയും കാഞ്ഞിരപ്പള്ളിയുമാണ് സുജാതയെ മത്സരിപ്പിക്കാൻ സാദ്ധ്യതയുള്ള മണ്ഡലങ്ങൾ. കാഞ്ഞിരപ്പള്ളിക്കാണ് കൂടുതൽ സാദ്ധ്യത.
എൻ.എസ്.എസ് -ന്റെ തന്നെ വിവിധ കോളേജുകളിൽ അദ്ധ്യാപകനായിരുന്ന ഡോ.എൻ. ജയരാജ് ആണ് കാഞ്ഞിരപ്പള്ളിയിലെ എം.എൽ.എ.ഇദ്ദേഹം ഇപ്പോൾ എൽ.ഡി.എഫിലേക്ക് പോയതിനാൽ സുജാതയെ യു ഡി എഫ് സ്വതന്ത്രയാക്കി കളത്തിലിറക്കി എൻ എസ് എസ് -ന്റെ പിന്തുണയോടെ മണ്ഡലം പിടിക്കാനാണ് യു.ഡി.എഫ് നേതാക്കൾ ലക്ഷ്യമിടുന്നത്.
കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കറുകച്ചാൽ ഹയർസെക്കൻഡറി സ്ക്കൂളിലാണ് സുകുമാരൻ നായരുടെ മകൾ ആദ്യം ജോലി ചെയ്തത്. ചങ്ങനാശേരിയോട് തൊട്ടു കിടക്കുന്ന മണ്ഡലമായതിനാലും എൻ എസ് എസ് -ന്റെ ചങ്ങനാശേരി, പൊൻകുന്നം യൂണിയനുകളുടെ ശക്തമായ പിന്തുണയും സഹായവും ഉണ്ടാവും എന്നതുകൊണ്ടും പ്രഥമ പരിഗണന കാഞ്ഞിരപ്പള്ളിക്കാണ്.