KeralaNEWS

അബിഗേലിനെ തിരികെ കിട്ടിയതില്‍ സന്തോഷം, എന്റെ മകളുടെ കാര്യത്തില്‍ ഇങ്ങനെ ഉണ്ടായില്ല: ജസ്നയുടെ പിതാവ്

പത്തനംതിട്ട: കൊല്ലം പൂയപ്പള്ളിയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ആറു വയസുകാരി അബിഗേല്‍ സാറാ റെജിയെ കണ്ടെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച്‌ എരുമേലിയില്‍ കാണാതായ ജസ്നയുടെ പിതാവ് ജെയിംസ്.

അബിഗേലിനെ കാണാതായപ്പോള്‍ മുതല്‍ പ്രാര്‍ത്ഥനയിലായിരുന്നുവെന്നും തിരികെ കിട്ടിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

‘കൊച്ചിനെ കാണാതായി എന്നറിഞ്ഞ ആ സമയം ഞാൻ എന്റെ മകള്‍ ജസ്നയെ ഓര്‍ത്തു. രാത്രി മുഴുവൻ ആ വിഷമത്തിലായിരുന്നു. ഒട്ടും ഉറങ്ങിയില്ല. ഫുള്‍ ടൈം ഞാൻ ടി.വി. കണ്ടോണ്ടിരുന്നു. കൊച്ചിനെ തിരിച്ചുകിട്ടണേയെന്ന പ്രാര്‍ത്ഥനയിലായിരുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്ബോഴാണ് കുട്ടിയെ തിരിച്ചു കിട്ടിയെന്ന് അറിഞ്ഞത്. വളരെ സന്തോഷമുണ്ട്.’ -ജെയിംസ് പറഞ്ഞു.

‘വ്യാജവാര്‍ത്തകളൊന്നും പുറത്ത് വിടാതെ കൃത്യമായ അന്വേഷണം നടത്തി. കേരളം ഒന്നിച്ച്‌ ഒറ്റക്കെട്ടായി ആ കൊച്ചിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും അന്വേഷിക്കുകയും ചെയ്തതിന്റെ ഫലമായിട്ടാണ് കൊച്ചിനെ കിട്ടിയത്. ഇതുപോലൊരു അന്വേഷണം അന്ന് ജസ്നയുടെ കാര്യത്തില്‍ ഉണ്ടായില്ല.

അന്ന് ഒരുപാട് വ്യാജവാര്‍ത്തകള്‍ വരികയും അന്വേഷണം വഴി തെറ്റിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഞങ്ങൾക്ക് ഇതുവരെ ജസ്നയെ കിട്ടാതെ പോയത്.’ -ജെയിംസ് പറഞ്ഞു.

കൊല്ലത്തെ അബിഗേലിനെ പോലെ തന്റെ മകളും തിരിച്ചുവരും എന്ന വിശ്വാസത്തിലാണ് ജീവിക്കുന്നതെന്നും ജെയിംസ് കൂട്ടിച്ചേർത്തു.

2018 മാര്‍ച്ച്‌ 22-നാണ് പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിനി ജസ്ന ജെയിംസിനെ കാണാതാകുന്നത്. ബന്ധുവീട്ടിലേക്ക് പോവുകയാണ് എന്നു പറഞ്ഞു വീട്ടില്‍നിന്ന് ഇറങ്ങിയ ജസ്നയെ പിന്നീട് ആരും കണ്ടിട്ടില്ല. വീട്ടില്‍ നിന്നും ഓട്ടോയില്‍ മുക്കൂട്ടുതറയില്‍ എത്തിയതിനും മുക്കൂട്ടുതറയില്‍ നിന്ന് ബസ്സില്‍ എരുമേലി എത്തിയതിനും പോലീസിന് തെളിവു ലഭിച്ചു. എന്നാല്‍ പിന്നീട് എങ്ങോട്ട് പോയി എന്ന് ആര്‍ക്കും അറിയില്ല.

ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ചിട്ടും ഒരു ഫലവും ഉണ്ടാകാത്തതിനെ തുടര്‍ന്ന് കേസ് സിബിഐക്ക് വിട്ടു.സി.ബി.ഐ. തിരുവനന്തപുരം യൂണിറ്റാണ് ജസ്നയുടെ തിരോധാനം അന്വേഷിക്കുന്നത്.

Back to top button
error: