സത്യസന്ധമായ ആശയവിനിമയം പല ശരികേടുകളെയും ശരിയാക്കും.
ഹൃദയത്തിനൊരു ഹിമകണം 9
അമ്മ ജോലി കഴിഞ്ഞ് ക്ഷീണിച്ച് വീടെത്തിയപ്പോൾ മൂത്ത കുട്ടി ഓടിച്ചെന്നു. എന്നിട്ട് അമ്മയോട് പറഞ്ഞു:
“പുതിയതായി പെയിന്റടിച്ച നമ്മുടെ ചുമരില്ലേ, അതിലൊക്കെ വാവ കുത്തി വരച്ചിട്ടിരിക്കുന്നു!”
അമ്മയ്ക്ക് ദേഷ്യവും സങ്കടവുമായി. എത്ര കാശ് ചിലവാക്കിയാണ് പെയിന്റടിച്ചത്! അതൊക്കെ ഇപ്പോൾ വൃത്തികേടായിരിക്കുന്നു. ചുമരിനേക്കാൾ കട്ടിയായ ഹൃദയഭാരത്തോടെ അമ്മ അകത്തേയ്ക്ക് ചെന്നു.
ചുമരിലാകെ ‘അമ്മാ, ലവ് യൂ’ എന്ന് കോറി വരച്ചിട്ടിരിക്കുന്നു. അമ്മയുടെ ഹൃദയം, ദാ, പെയിന്റ് പോലെ മൃദുവായി.
ഒരേ സംഭവം ഒരേ ആളിൽത്തന്നെയുണ്ടാക്കുന്ന സമ്മിശ്രവികാരങ്ങൾ നോക്കുക. സംഭവം ശരിയായി വിവർത്തനം ചെയ്യപ്പെടാത്തതിന്റെ പ്രശ്നമാണത്.
നമ്മൾ ഒരാളെ തിരുത്താൻ തുനിയുമ്പോൾ വഴങ്ങാൻ സന്നദ്ധനാകാതെ മറുഭാഗം കലഹിക്കുന്നു; ആശങ്കകൾ പറയുമ്പോൾ മനോരോഗമായി വിവർത്തനം ചെയ്യപ്പെടുന്നു. ശരിയായ വിവർത്തനം പല ശരികേടുകളെയും ശരിയാക്കും.
അവതാരക: മാലിനി പ്രേംകുമാർ
സമ്പാദകൻ: സുനിൽ കെ ചെറിയാൻ