ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോ. മെഹറുന്നിസയെ (48) കായംകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ മകന് കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഈ വിവരം അറിഞ്ഞതിനു പിന്നാലെയാണു ഡോ. മെഹറുന്നിസ ജീവനൊടുക്കിയത്.
കായംകുളം ഫയര്‍ സ്റ്റേഷനു സമീപം സിത്താരയില്‍ അഡ്വ. ഷഫീക് റഹ്മാന്റെ ഭാര്യയായ മെഹറുന്നിസ, മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഇ.എന്‍.ടി വിഭാഗത്തിലാണ് സേവനം ചെയ്യുന്നത്. ഇവരുടെ മകന് കാനഡയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ബിന്യാമിന് കഴിഞ്ഞ ദിവസമാണ് മരിച്ചത്. വിവരമറിഞ്ഞതു മുതല്‍ കടുത്ത മനോവിഷമത്തിലായിരുന്നു ഡോ. മെഹറുന്നീസ.
ഇന്നു രാവിലെയാണ് മെഹറുന്നീസയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടം നടപടിക്കു ശേഷം മൃതദേഹം വീട്ടുകാര്‍ക്കു വിട്ടുനല്‍കി.