IndiaNEWS

പാരമ്പര്യവും പൈതൃകവും കൊതിയൂറുന്ന മലയാളി രുചിയുമായി ബംഗളൂരുവിലുണ്ട് ഹംസാ ഹോട്ടല്‍ @ 105

   ദുബായിലെ പഴയ ഖാദര്‍ ഹോട്ടലിന്റെയും ഖത്തറിലെ ബിസ്മില്ലാ ഹോട്ടലിന്റെയും പൈതൃകവും രുചിപ്പെരുമയും പുകള്‍പ്പെറ്റതാണ്. രണ്ടും ആ രാജ്യങ്ങളുടെ ചരിത്രവുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ബംഗളൂരുവിലുമുണ്ട് ഇത്തരമൊരു ഹോട്ടല്‍. ഒരു നൂറ്റാണ്ട് മുമ്പ് കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയായ പി.എം.എച്ച് ഹംസ എന്ന പുത്തൂര്‍ ഹംസ തുടക്കം കുറിച്ച ‘നേമത്ത് ഖാന ഹംസാ ഹോട്ടല്‍.’

ബംഗളൂരു ശിവാജി നഗറിലെ ഏറ്റവും തിരക്കേറിയ പാതയില്‍ പാരമ്പര്യവും പൈതൃകവും നാവൂറുന്ന രുചിയുമായി തലയുയര്‍ത്തി നില്‍ക്കുന്നു ‘ഹംസ ഹോട്ടല്‍.’

Signature-ad

പി.എം.എച്ച് ഹംസ ബംഗളൂരുവില്‍ എത്തുന്നത് 1914ലാണ്. അന്ന് അദ്ദേഹത്തിന് പ്രായം 21. ബംഗളൂരു നഗരം വികസനത്തിന്റെ പാതയില്‍ പ്രയാണം തുടങ്ങിയകാലം. മലയാളികള്‍ ഒരുപാട് പേര്‍ ജോലി സാധ്യത തേടി ബംഗളൂരുവിനെ ആശ്രയിച്ച് തുടങ്ങിയിരുന്നു. ശിവാജി നഗറിലാണ് ഹംസ എത്തിയത് . വിവിധ മാര്‍ക്കറ്റുകള്‍ കൊണ്ട് നിറഞ്ഞ, ജനക്കൂട്ടം തലങ്ങും വിലങ്ങും ഒഴുകിക്കൊണ്ടിരിക്കുന്ന ടൗണ്‍. സ്വാതന്ത്ര്യത്തിനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. പാക്കിസ്ഥാന്‍ ഭാഗത്ത് നിന്നടക്കമുള്ള ഫയല്‍വാന്‍മാരുടെ താവള കേന്ദ്രമായിരുന്നു അന്ന് ശിവജി നഗര്‍. ഗുസ്തിയും മല്‍പ്പിടിത്തവുമായി കരുത്തിന്റെയും ആവേശത്തിന്റെയും അലകളുയര്‍ത്തിയിരുന്ന കാലം.

ശിവാജി നഗറില്‍ തിരക്കൊഴിഞ്ഞ നേരമില്ല അന്നും ഇന്നും. അവിടെ 1918ല്‍ പി.എം.എച്ച് ഹംസ ചെറിയൊരു ഹോട്ടലിന് തുടക്കമിടുന്നു. ഓടുമേഞ്ഞ ഒറ്റനില കെട്ടിടം. അടുക്കളയും ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്കുള്ള ഇരിപ്പിടവും ഗല്ലെയും (ക്യാഷ് കൗണ്ടറുമൊക്കെ) ഒരേ മുറിയില്‍. ഹോട്ടലില്‍ എപ്പോഴും തിരക്കായിരുന്നു. മട്ടന്‍ബിരിയാണിയും നെയ്‌ച്ചോറും മട്ടന്‍ ചാപ്‌സുമൊക്കെ വളരെ പെട്ടെന്ന് തന്നെ ‘ഹംസാ ഹോട്ടലിലെ ഹൈലൈറ്റായി’ മാറി. ലാഭം മാത്രമായിരുന്നില്ല പി.എം.എച്ച് ഹംസയുടെ ലക്ഷ്യം. ഉണ്ടാക്കുന്ന ഭക്ഷണത്തില്‍ നല്ലൊരു പങ്ക് സാധുക്കള്‍ക്ക് സൗജന്യമായി നല്‍കും. അത് ഹംസയുടെ ശീലമായിരുന്നു. ഹംസാ ഹോട്ടലിന്റെ വളര്‍ച്ചയില്‍ ആ ശീലം ബര്‍ക്കത്തായി ഭവിച്ചിരുന്നുവെന്ന് പി.എം.എച്ച് ഹംസ എപ്പോഴും വിശ്വസിച്ചിരുന്നു.

പാകിസ്ഥാനില്‍ നിന്ന് ഗുസ്തി മത്സരത്തിന് എത്തിയിരുന്ന ഗാമാ ഫയല്‍വാനും ഹാമീദ് ഫയല്‍വാനും ബംഗളൂരുകാരന്‍ തന്നെയായ ജാബിര്‍ ഫയല്‍വാനുമൊക്കെ വയറ് നിറയ്ക്കാന്‍ ആശ്രയിച്ചിരുന്നത് ഹംസ ഹോട്ടലായിരുന്നു. കച്ചവടം പൊടിപൊടിച്ച നാളുകള്‍. ഒപ്പം തന്നെ ദാനത്തിലൂടെയും പാവങ്ങളുടെ വയറ് നിറയ്ക്കാന്‍ പി.എം.എച്ച് ഹംസ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ബംഗളൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു ഹംസ ഹോട്ടലില്‍ നിന്ന് സൗജന്യമായി ഭക്ഷണം നല്‍കിയിരുന്നു. ദാനം കൊടുക്കുന്തോറും ഹോട്ടലില്‍ കസ്റ്റമേര്‍സിന്റെ തിരക്ക് കൂടുന്നതും കച്ചവടം പൊടിപൊടിക്കുന്നതും ഹംസ സന്തോഷത്തോടെ നോക്കിനിന്നു.

1930കളുടെ അവസാനത്തില്‍ അദ്ദേഹം നാട്ടില്‍ നിന്ന് തന്റെ ആണ്‍മക്കളെയും ബംഗളൂരുവില്‍ എത്തിച്ചു. 7 മക്കളാണ് ഹംസയ്ക്ക്. നാലാണും മൂന്ന് പെണ്ണും. പി.എച്ച് മുഹമ്മദ്, പി.എച്ച് അബ്ദുല്ല, പി.എച്ച് അബൂബക്കര്‍, പി.എച്ച് അബ്ദുല്‍ റഹ്‌മാന്‍, ബീഫാത്തിമ, ഖദീജ, ആയിഷ എന്നിവര്‍. ആയിഷയും ഖദീജയും മാത്രമേ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളൂ.
പി.എച്ച് മുഹമ്മദും പി.എച്ച് അബ്ദുല്ലയും ബംഗളൂരുവില്‍ താമസിച്ചാണ് പഠിച്ചത്. മുഹമ്മദ് സെന്റ് ജോര്‍ജ് സ്‌കൂളില്‍ നിന്ന് മികച്ച മാര്‍ക്കോടെ പാസായി ഡിഗ്രിയെടുത്ത് 1954ല്‍ അഭിഭാഷക സര്‍ട്ടിഫിക്കറ്റും നേടി. അദ്ദേഹം പില്‍കാലത്ത് മലബാര്‍ മുസ്ലിം അസോസിയേഷന്റെ പ്രസിഡണ്ടായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.  പ്രഗത്ഭ അഭിഭാഷകനുമായിരുന്നു. അഡ്വ. പി.എച്ച് മുഹമ്മദിന് രണ്ട് ആണ്‍ മക്കളാണ്. കര്‍ണാടക ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ടും അഭിഭാഷകനുമായ ഷക്കീല്‍ അഹമ്മദും ഹോട്ടല്‍ വ്യാപാര രംഗത്തുള്ള ആസിഫ് എലിമെന്‍സും.
പി.എച്ച് മുഹമ്മദും പി.എച്ച് അബ്ദുല്ലയും ഹോട്ടലിലും ഉപ്പയ്ക്ക് സഹായികളായി ഉണ്ടായിരുന്നു. 1953ല്‍ പി.എം.എച്ച് ഹംസ അന്തരിച്ചു.  കണ്ണീരോടെയാണ് ശിവാജി നഗര്‍ അദ്ദേഹത്തിന് വിട നല്‍കിയത്. ഏതാണ്ട് 35 വര്‍ഷക്കാലം ഒരു നാടിന് നന്മമരമായി നിന്ന ഹോട്ടലുടമയുടെ വേര്‍പാട് ശിവാജി നഗറിനെ ഏറെ തളര്‍ത്തിയിരുന്നു. അത്രമാത്രം ദാനധര്‍മ്മമാണ് ആ നാടിന് വേണ്ടി ഹംസ നടത്തിത്.

പി.എച്ച് മുഹമ്മദാണ് 1960കളുടെ ആദ്യം വരെ  ഹോട്ടല്‍ നടത്തിയത്. പിന്നീട് സ്വത്ത് ഭാഗം വെച്ചപ്പോള്‍, ഹംസ ഹോട്ടല്‍ പി.എച്ച് അബ്ദുല്ലക്ക് കിട്ടി. ദീര്‍ഘകാലം പി.എച്ച് അബ്ദുല്ലയുടെ പേരിലായിരുന്നു ഹോട്ടല്‍. അബ്ദുല്ലക്ക് വേണ്ടി തെക്കിലിലെ മമ്മു ഹാജിയും മമ്മൂട്ടി ഹാജി എന്നയാളും ഹോട്ടല്‍ ഏറ്റെടുത്ത് നടത്തി. പിന്നീട് പി.എച്ച് അബ്ദുല്ലയുടെ മക്കളായ ഹംസയും അന്‍വറുമൊക്കെ വിവിധ ഘട്ടങ്ങളില്‍ ഹോട്ടല്‍ നടത്തി. 1998ല്‍ തളങ്കര പള്ളിക്കാല്‍ സ്വദേശിയും വിദ്യഭ്യാസ പ്രവര്‍ത്തകനുമായ കെ.എം ഹനീഫയും അടുക്കത്ത്ബയല്‍ സ്വദേശി കെ. മുഹമ്മദ് നിസാറും സംയുക്തമായി ഹോട്ടല്‍ ഏറ്റെടുത്തു. ഇതോടെ ഹംസ ഹോട്ടല്‍ പുരോഗതിയുടെ പുതിയ പാതയിലെത്തി. ഒരുനില ഹോട്ടല്‍ പൊളിച്ചുമാറ്റി പുതിയ സൗകര്യങ്ങളോടെ ബഹുനില ഹോട്ടലായി പുതുക്കിപ്പണിതു. ഭക്ഷണ വിഭവങ്ങള്‍ വര്‍ധിപ്പിക്കുകയും കൂടുതല്‍ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കുകയും ചെയ്തു. ഹോട്ടലിന്റെ നവീകരണ സമയത്ത് പി.എച്ച് അബ്ദുല്ലയുടെ മക്കളില്‍ പലരും ഉടമസ്ഥാവകാശം ഹനീഫിനും നിസാറിനും കൈമാറിയതോടെ ഹോട്ടലിന്റെ ഉടമസ്ഥാവകാശം ഏറിയ പങ്കും ഹനീഫിന്റെയും നിസാറിന്റെയും പക്കലായി.

പുലര്‍ച്ചെ 2 മണിക്കൂര്‍ മാത്രം ശുചീകരണത്തിനായി അടച്ചിടുന്നത് ഒഴിച്ചാല്‍ ഫലത്തില്‍ ഹംസ ഹോട്ടലിന്റെ പ്രവര്‍ത്തനം 24 മണിക്കൂറുമുണ്ട്. ബംഗളൂരുവിലെ ടെക്കികളും സഞ്ചാരികളുമടക്കം പാതിരാവിലും തേടിവരുന്ന ഏറ്റവും തിരക്കുള്ള ഹോട്ടലുകളില്‍ ഒന്നാണ് ഹംസാ ഹോട്ടല്‍ ഇപ്പോള്‍. മട്ടനും ചിക്കനുമാണ് ഇവിടത്തെ പ്രധാന വിഭവം. ബീഫ് വിളമ്പാറില്ല. മട്ടന്‍ തലച്ചോര്‍ ഫ്രൈയും (ബേജാ ഫ്രൈ) മട്ടന്‍ കിഡ്‌നി ഫ്രൈയും മട്ടന്‍ പെപ്പര്‍ മസാലയും പായാ സൂപ്പും ആട്ടിന്‍ കാലും നെയ്‌ച്ചോറുമൊക്കെ ഹംസാ ഹോട്ടലില്‍ എത്തുന്നവരുടെ പ്രിയ വിഭവങ്ങളാണ്.

‘കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും പ്രമുഖ നേതാക്കളടക്കം ഹംസാ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്താറുണ്ട്. നൂറ് വര്‍ഷം മുമ്പ് പി.എം.എച്ച് ഹംസക്ക വിളമ്പിയ രുചിപ്പെരുമ ഇപ്പോഴും പകര്‍ന്നു നല്‍കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. രുചിയുടെയും വൃത്തിയുടെയും ഗുണമേന്മയുടെയും കാര്യത്തില്‍ ഒരു കോംപ്രമൈസിനും ഞങ്ങള്‍ തയ്യാറല്ല’-കെ.എം ഹനീഫയും കെ. മുഹമ്മദ് നിസാറും ഒരേ സ്വരത്തില്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് ബംഗളൂരുവില്‍ എത്തുന്ന രാഷ്ട്രീയ നേതാക്കളില്‍ പലരും ഇപ്പോഴും ഹംസാ ഹോട്ടല്‍ തേടിയെത്താറുണ്ട്. പാണക്കാട് തങ്ങന്മാര്‍ ബംഗളൂരുവില്‍ എത്തിയാല്‍ ഹംസാ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാതെ മടങ്ങാറില്ല.

1918ല്‍ തുടങ്ങി 105 വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ ഹംസാ ഹോട്ടല്‍ പുതിയ കാലത്തിനനുസരിച്ച് രൂപത്തിലും ഭാവത്തിലും വളര്‍ന്നു. നിന്നുതിരിയാന്‍ ഇടമില്ലാത്ത വിധം തിരക്കേറി. ഒരു നൂറ്റാണ്ട് മുമ്പ് പി.എം.എച്ച് ഹംസ വിളമ്പിയ രുചിയുടെ പിന്നാലെ ഓടിയെത്തുകയാണ് ഇപ്പോഴും ബംഗ്ലൂരിയന്‍സ്.

Back to top button
error: