SportsTRENDING

ഏകദിന ക്രിക്കറ്റ് ലോകകപ്പ് കനക കിരീടത്തില്‍ മൂന്നാം മുത്തം തേടി ടീം ഇന്ത്യ മൈതാനത്തേക്ക്

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് കനക കിരീടത്തില്‍ മൂന്നാം മുത്തം തേടി ടീം ഇന്ത്യ മൈതാനത്തേക്ക്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. ന്യൂസിലന്‍ഡിന് എതിരായ സെമിയിലെ അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി. സ്‌പിന്നര്‍ ആര്‍ അശ്വിനെ ഇറക്കി പരീക്ഷണത്തിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മുതിര്‍ന്നില്ല. സെമിയിലെ അതേ ടീമുമായാണ് ഓസ്‌ട്രേലിയയും ഇറങ്ങുന്നത്. തിങ്ങിനിറഞ്ഞ ആരാധകര്‍ക്ക് മുന്നിലാണ് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ-ഓസീസ് കലാശപ്പോര്.

പ്ലേയിംഗ് ഇലവനുകള്‍

Signature-ad

ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഇംഗ്ലീസ് (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ആദം സാംപ, ജോഷ് ഹേസല്‍വുഡ്.

അഹമ്മദാബാദില്‍ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ തുടങ്ങുക. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ടീമിന്‍റെ മൂന്നാം കിരീടത്തിനായാണ് ഇന്ത്യ ഇറങ്ങുന്നത്. 1983ലും 2011ലുമായിരുന്നു നീലപ്പടയുടെ മുന്‍ കിരീടങ്ങള്‍. ക്യാപ്റ്റനായും താരമായും ആദ്യ ഏകദിന ലോകകപ്പ് സ്വപ്‌നം കാണുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. അതേസമയം ആറാം കിരീടമാണ് ഓസീസിന്‍റെ ലക്ഷ്യം. സ്റ്റാര്‍ സ്പോര്‍ട്‌സിലും ഡിസ്‌നി+ഹോട്‌സ്റ്റാറിലും മത്സരം തല്‍സമയം കാണാം. ലോകകപ്പ് ഫൈനല്‍ ദിവസമായ ഇന്ന് പ്രത്യേക കവറേജ് ഏഷ്യാനെറ്റ് ന്യൂസിലും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലുമുണ്ടാകും. ടോസ് മുതല്‍ കിരീടധാരണം വരെ ഫൈനലിന്‍റെ തല്‍സമയ അപ്‌ഡേറ്റുകള്‍ ആരാധകര്‍ക്ക് ലൈവായി അറിയാം.

Back to top button
error: