തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പരിപാലന സംഘത്തിന്‍റെ കരാര്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂട്ടി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. വെബ്സൈറ്റിന്‍റെയും സോഷ്യൽ മീഡിയയുടേയും തുടര്‍ പരിപാലനം അനിവാര്യമെന്ന പരാമര്‍ശത്തോടെയാണ് 12 അംഗ സംഘത്തിന്‍റെ കരാര്‍ കാലാവധി നീട്ടിയത്. പ്രതിമാസം 6,67,000 രൂപയാണ് ശമ്പള ഇനത്തിൽ മാത്രം ചെലവ്.
മുഖ്യമന്ത്രിയുടെ വെബ്സൈറ്റും സോഷ്യൽ മീഡിയ ഹാന്‍റിലുകളും പരിപാലിക്കുന്നതിന് ആവശ്യമായ മാനവ വിഭവശേഷി സംഘത്തിന്‍റെ പ്രവര്‍ത്തന കാലാവധിയാണ് നീട്ടി നൽകിയത്. നേരത്തെ 2022 മെയ് 16 മുതൽ ആറ് മാസത്തേക്കായിരുന്നു സംഘത്തിന് നിയമനം നൽകിയത്. പിന്നീട് 2022 നവംബർ 15 ന് കാലാവധി അവസാനിച്ചപ്പോൾ ഒരു വർഷത്തേക്ക് കാലാവധി നീട്ടുകയും ചെയ്തു. 2023 നവംബർ 15 ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് 2024 നവംബർ 15 വരെ വീണ്ടും ഒരു വർഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകി ഉത്തരവിറക്കിയത്.
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംഘത്തെ പരിപാലിക്കാൻ പ്രതിമാസം 6,67,290 രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ടീം ലീഡര്‍ക്ക് 75,000 രൂപ കണ്ടന്റ് മാനേജര്‍ക്ക് 70,000 സീനിയര്‍ വെബ് അഡ്മിനിസ്ട്രേറ്റര്‍ക്കും സോഷ്യൽ മീഡിയ കോഡിനേറ്റര്‍ക്കും കണ്ടന്‍റ് സ്ട്രാറ്റജിസ്റ്റിനും 65,000 രൂപ വീതം. ഡെലിവറി മാനേജര്‍ തസ്തികയിൽ ജോലി ചെയ്യുന്നയാൾക്ക് 56,000 രൂപയും. റിസര്‍ച്ച് ഫെലോക്കും കണ്ടന്‍റ് ഡെവലപ്പര്ക്കും കണ്ടന്‍റ് അഗ്രഗേറ്റര്‍ക്കും 53,000 രൂപ വീതം എന്നിങ്ങനെ പോകുന്നു വേതന വ്യവസ്ഥ.