ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ ‘മോദി പരാമര്‍ശ’ വിവാദത്തില്‍ കേസ് നല്കിയ ഗുജറാത്ത് ബിജെപി നേതാവിന് പാര്‍ട്ടിയില്‍ പ്രധാന ചുമതല. രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയ്ക്കു വരെ കാരണമായ കേസ് നല്‍കിയത് ബിജെപി നേതാവായിരുന്ന പൂര്‍ണേഷ് മോദിയായിരുന്നു. കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര നഗര്‍ ഹവേലിയുടെയും ദാമന്‍ ദിയുവിന്റെയും പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ ചുമതലയാണ് ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ നല്‍കിയിരിക്കുന്നത്. ദുഷ്യന്ത് പട്ടേലിനാണ് സഹചുമതല
ബിജെപിയുടെ സൂറത്ത് വെസ്റ്റ് എംഎല്‍എയാണ് പൂര്‍ണേഷ് മോദി. 2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ റാലിയിലെ പ്രസംഗത്തിലായിരുന്നു രാഹുലിന്റെ ‘മോദി പരാമര്‍ശം’. കേസില്‍ ഈ മാര്‍ച്ചില്‍ സൂറത്ത് കോടതി രണ്ടു വര്‍ഷത്തേക്ക് അദ്ദേഹത്തെ ശിക്ഷിച്ചു. ഇതേത്തുടര്‍ന്ന് വയനാട് ലോക്സഭാംഗത്വത്തില്‍നിന്ന് അദ്ദേഹത്തിന് അയോഗ്യത വരുകയും ചെയ്തു. പിന്നീട് ഓഗസ്റ്റില്‍ സുപ്രീംകോടതി ശിക്ഷാനടപടി സ്റ്റേ ചെയ്തതോടെയാണ് അംഗത്വം തിരികെ ലഭിച്ചത്.