ടെല്‍അവീവ്: കരയുദ്ധം ഗാസ മുനമ്ബില്‍ പൂര്‍ണമായും വ്യാപിപ്പിക്കാൻ ഒരുങ്ങുന്ന ഇസ്രയേല്‍ തെക്കൻ ഗാസയിലെ നാല് പട്ടണങ്ങളിലെ ജനങ്ങള്‍ക്ക് ഒഴിയാൻ മുന്നറിയിപ്പ് നല്‍കി.
ഖാൻ യൂനിസിന് കിഴക്ക് ബാനി സുഹൈല, ഖുസാ, അബാസൻ, ഖരാര പട്ടണങ്ങളില്‍ നിന്ന് ഒഴിയണമെന്ന് നിര്‍ദ്ദേശിക്കുന്ന ലഘുലേഖകള്‍ ഇസ്രയേല്‍ വിമാനങ്ങള്‍ ആകാശത്ത് നിന്ന് വിതറി. യുദ്ധത്തിന് മുമ്ബ് നാല് പട്ടണങ്ങളിലുമായി ഏകദേശം ഒരു ലക്ഷം ജനങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ പതിനായിരക്കണക്കിന് അഭയാര്‍ത്ഥികളും ഇവിടെയുണ്ട്.
ഹമാസിനെ തുരത്താനാണ് ഒഴിപ്പിക്കലെന്ന് ഇസ്രയേല്‍ പറയുന്നു. ഇന്നലെ പുലര്‍ച്ചെ ഇവിടെ ശക്തമായ ബോംബാക്രമണങ്ങളുണ്ടായി.
അതിനിടെ ഗാസ സിറ്റിയിലെ തുറമുഖം ഇസ്രയേല്‍ പിടിച്ചെടുത്തു. തുറമുഖ തീരത്ത് ഇസ്രയേലിന്റെ ഡസൻ കണക്കിന് ടാങ്കുകളും നൂറുകണക്കിന് സൈനികരും നിലയുറപ്പിച്ചിട്ടുണ്ട്.അൽഷിഫ ആശുപത്രിയിൽ നിന്നും കൂടുതൽ ആയുധങ്ങൾ കണ്ടെടുത്തതായും റിപ്പോർട്ട് പുറത്തു വരുന്നുണ്ട്.