ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ സൈനികരോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-ചൈന അതിര്‍ത്തി ഗ്രാമമായ ലാപ്ച്ചയിലെ സൈനികരോടൊപ്പമാണ് മോദിയുടെ ദീപാവലി ആഘോഷം. ദീപാവലി ആഘോഷിക്കുന്ന രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രധാനമന്ത്രി തന്റെ ആശംസ അറിയിച്ചു. അതേസമയം, ചിരാതുകള്‍ തെളിയിച്ചും പൂജകളും പ്രാര്‍ത്ഥനകളുമായും ദീപാവലി കെങ്കേമമാക്കുകയാണ് ഉത്തരേന്ത്യ.
ഇത്തവണയും സൈനികരോടൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. 2014 ല്‍ പ്രധാനമന്ത്രി പദത്തിലെത്തിയതു മോദിയുടെ എല്ലാ ദീപാവലിയും സൈനികരോടൊപ്പമാണ്. കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരിലെ നൗഷേരയിലെ സൈനികരോടൊപ്പമായിരുന്നു മോദിയുടെ ദീപാവലി ആഘോഷം. അതേസമയം, ദീപാവലി പകര്‍ന്ന ഉത്സവഛായയിലാണ് ഉത്തരേന്ത്യ. കാളി പൂജയാക്കൊരുങ്ങിയ കൊല്‍ക്കത്തയിലെ തെരുവുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ദീപാലങ്കര പ്രഭയില്‍ മുങ്ങി നില്‍ക്കുകയാണ് അയോധ്യ, ഇത്തവണത്തെ ദീപോത്സവത്തിന് ലോക റെക്കോര്‍ഡെന്ന തിളക്കത്തിനാണ് ഒരുങ്ങുന്നത്. സരയൂ നദീക്കരയിലെ 51 ഘാട്ടുകളില്‍ തെളിഞ്ഞത് 22 ലക്ഷം ദീപങ്ങളാണ്.
രാമ ലക്ഷ്മണമാരായി അണിഞ്ഞൊരുങ്ങിയും വീടുകളില്‍ ലക്ഷ്മി പൂജയുമായി നാടും നഗരവും ദീപാവലിത്തിരക്കിലാണ്. ദില്ലിയില്‍ പടക്കങ്ങള്‍ക്ക് നിരോധനമുണ്ടെങ്കിലും ആഘോഷങ്ങള്‍ക്ക് കുറവൊന്നുമില്ല. എട്ട് വര്‍ഷത്തിനിടെ വായു ഗുണനിലവാരം ഏറ്റവും മെച്ചപ്പെട്ട ദീപാവലി കൊണ്ടാടുകയാണ് തലസ്ഥാന നഗരി.