ജയ്പുര്‍: അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാപോരില്‍ കോണ്‍ഗ്രസിന്റെ ‘വല്യേട്ടന്‍ കളി’യില്‍ നീരസമുള്ള ഇടതുപാര്‍ട്ടികളും സമാജ്വാദി പാര്‍ട്ടിയും രാജസ്ഥാനില്‍ സംയുക്തമുന്നണിയായി മത്സരിക്കുന്നു. സി.പി.എം., സി.പി.ഐ., എസ്.പി., സി.പി.ഐ.എം.എല്‍. എന്നീ പാര്‍ട്ടികളുടെ നീക്കം ‘ഇന്ത്യ’ മുന്നണിക്കകത്തെ ആദ്യ കുറുമുന്നണി പരീക്ഷണമെന്നനിലയ്ക്ക് ശ്രദ്ധേയമാവുകയാണ്. സീറ്റ് ചര്‍ച്ചകളില്‍ തീര്‍ത്തും അവഗണിച്ച കോണ്‍ഗ്രസിന്റെ ഏകപക്ഷീയനീക്കത്തിന് തിരിച്ചടിസന്ദേശം നല്‍കുകയാണ് ലക്ഷ്യം.
സി.പി.എം. -17, സി.പി.ഐ. -ഒമ്പത്, എസ്.പി. -എട്ട്, സി.പി.ഐ.എം.എല്‍. -മൂന്ന് എന്നിങ്ങനെ 37 മണ്ഡലങ്ങളിലാണ് കുറുമുന്നണി മത്സരിക്കുന്നത്. ഇതില്‍ 15 സീറ്റുകളിലെങ്കിലും മികച്ചമത്സരം നടത്താനാകുമെന്നാണ് ഇടതുകേന്ദ്രങ്ങളുടെ പ്രതീക്ഷ.
മധ്യപ്രദേശില്‍ ജയസാധ്യതയുള്ള ആറു സീറ്റുകള്‍പോലും നല്‍കാത്തതില്‍ എസ്.പി. അധ്യക്ഷന്‍ അഖിലേഷ് യാദവ് കോണ്‍ഗ്രസിനെതിരേ രംഗത്തുവന്നിരുന്നു. തെലങ്കാനയില്‍ സി.പി.എം. ചോദിച്ച ജയസാധ്യതയുള്ള ഒരേയൊരു സീറ്റിലും കോണ്‍ഗ്രസ് കടുംപിടിത്തം കാട്ടി.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് മറ്റുപാര്‍ട്ടികളിലെ പ്രധാനനേതാക്കളുമായി ചര്‍ച്ചയ്ക്കുപോലും തയ്യാറായില്ലെന്നാണ് ഇടതുവൃത്തങ്ങള്‍ പറയുന്നത്. സി.പി.എം. സംസ്ഥാന സെക്രട്ടറി അമ്രറാമിനോടോ സംസ്ഥാന ചുമതലയുള്ള കേന്ദ്രനേതാക്കളോടോ സംസാരിച്ചില്ല. ഇതുകൊണ്ടാണ് രാജസ്ഥാനില്‍ ഇന്ത്യാ മുന്നണിക്കകത്തൊരു കുറുമുന്നണിക്ക് നിര്‍ബന്ധിതരായതെന്നാണ് വാദം.
തെലങ്കാനയില്‍ സി.പി.ഐ. കോണ്‍ഗ്രസുമായി ചേര്‍ന്ന് രണ്ടുസീറ്റില്‍ മത്സരിക്കുന്നുണ്ട്. രാജസ്ഥാനില്‍ ചിലകേന്ദ്രങ്ങളില്‍ സി.പി.എമ്മിന് വേരോട്ടമുണ്ട്. രണ്ടു എം.എല്‍.എ.മാരുമുണ്ട്.