SportsTRENDING

പാകിസ്ഥാനെ ഇന്ത്യന്‍ മണ്ണില്‍ കുഴിച്ചുമൂടി; അവസാന ആണി ഇംഗ്ലണ്ടിന്‍റെ വക! ബാബറിനും സംഘത്തിനും ഇനി വണ്ടി കയറാം

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ പാകിസ്ഥാന് തോല്‍വിയോടെ മടക്കം. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 93 റണ്‍സിനാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. ഇതോടെ ലോകകപ്പിന്‍റെ സെമി കാണാതെ പാകിസ്ഥാന്‍ പുറത്തായി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 വിജയലക്ഷ്യം പാകിസ്ഥാന് 6.4 ഓവറില്‍ മറികടക്കണമായിരുന്നു. എങ്കില്‍ മാത്രമെ ന്യൂസിലന്‍ഡിനെ മറികടന്ന് സെമിയില്‍ ഇടം പിടിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. 6.4 ഓവര്‍ പൂര്‍ത്തിയയപ്പോള്‍ തന്നെ പാകിസ്ഥാന്‍ തോല്‍വി ഉറപ്പിച്ചിരുന്നു. വിജയലക്ഷ്യം പിന്തുടരാനെത്തിയ പാകിസ്ഥാന്‍ 43.3 ഓവറില്‍ 244 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ഡേവിഡ് വില്ലിയാണ് പാകിസ്ഥാനെ തകര്‍ത്തത്. നേരത്തെ ബെന്‍ സ്റ്റോക്സ് നേടിയ 84 റണ്‍സാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. ജോ റൂട്ട് (60), ജോണി ബെയര്‍സ്റ്റോ (59) നിര്‍ണായക സംഭാവന നല്‍കി. ഇംഗ്ലണ്ട് നേരത്തെ ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു.

മോശം തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. സ്കോര്‍ബോര്‍ഡില്‍ പത്ത് റണ്‍സ് മാത്രമുള്ളപ്പോള്‍ അവര്‍ക്ക് ഓപ്പണര്‍മാരായ അബ്ദുള്ള ഷെഫീഖ് (0), ഫഖര്‍ സമാന്‍ (1) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ഇരുവരേയും ഡേവിഡ് വില്ലി മടക്കി. ബാബര്‍ അസം (38) – മുഹമ്മദ് റിസ്വാന്‍ (36) എന്നിവരുടെ ഇന്നിംഗ്സ് തകര്‍ച്ചയില്‍ നിന്ന് കരകയറാനാണ് സഹായിച്ചത്. ബാബറിനെ ഗസ് ആറ്റ്കിന്‍സണ്‍ മടക്കിയപ്പോള്‍ റിസ്വാനെ മൊയീന്‍ അലി ബൌള്‍ഡാക്കി. സൌദ് ഷക്കീലിന് (29) മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. അഗ സല്‍മാന്‍റെ (51) ഇന്നിംഗ്സാണ് പാകിസ്ഥാനെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. സല്‍മാനെ, വില്ലി മടക്കി. ഇഫ്തിഖര്‍ അഹമ്മദ് (3), ഷദാബ് ഖാന്‍ (4), ഷഹീന്‍ അഫ്രീദി (25), ഹാരിസ് റൌഫ് (35) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുഹമ്മദ് വസിം (16) പുറത്താവാതെ നിന്നു.

Signature-ad

നേരത്തെ, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഡേവിഡ് മലാന്‍ (31) – ജോണി ബെയര്‍സ്‌റ്റോ (59) സഖ്യം 82 റണ്‍സ് ചേര്‍ത്തു. എന്നാല്‍ മലാനെ പുറത്താക്കി ഇഫ്തിഖര്‍ അഹമ്മദ് പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയത് ജോ റൂട്ട്. എന്നാല്‍ ബെയര്‍സ്‌റ്റോയ്ക്ക് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. ഹാരിസ് റൗഫിന്റെ പന്തില്‍ പുറത്ത്. നാലാം വിക്കറ്റില്‍ റൂട്ട് – സ്‌റ്റോക്‌സ് സഖ്യം 132 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സ്റ്റോക്‌സ് മടങ്ങിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു.

ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. രണ്ട് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്റ്റോക്‌സിന്റെ ഇന്നിംഗ്‌സ്. റൂട്ടിനേയും ഷഹീന്‍ മടങ്ങി. നാല് ബൗണ്ടറികള്‍ റൂട്ടിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. പിന്നീടെത്തയവരില്‍ ആര്‍ക്കും തിളങ്ങാനായില്ല.

ഹാരി ബ്രൂക്കിന് (30) മാത്രമാണ് ഭേദപ്പട്ട പ്രകടനം പുറത്തെടുത്തത്. മൊയീന്‍ അലി (4), ക്രിസ് വോക്‌സ് (4), ഡേവിഡ് വില്ലി (15), ഗുസ് ആറ്റ്കിന്‍സണ്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ആദില്‍ റഷീദ് (0) പുറത്താവാതെ നിന്നു. റൂട്ട് മടങ്ങിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. നാല് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു റൂട്ടിന്റെ ഇന്നിംഗ്‌സ്.

Back to top button
error: