ന്യൂഡെല്‍ഹി: രാജ്യത്തെ മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ മലിനീകരണം തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. സ്വിസ് ഗ്രൂപ്പായ ഐക്യൂ എയറിന്റെ (IQAir) തത്സമയ ഡാറ്റ അനുസരിച്ച്, ഞായറാഴ്ച (നവംബര്‍ 5) ലോകത്തിലെ ഏറ്റവും മലിനമായ അഞ്ച് നഗരങ്ങളുടെ പട്ടികയില്‍ മൂന്നെണ്ണവും ഇന്ത്യയില്‍ നിന്ന്.
ഡെല്‍ഹിയാണ് മുന്നില്‍. കൊല്‍ക്കത്ത മൂന്നാമതും മുംബൈ അഞ്ചാമതുമാണ്. ഡെല്‍ഹി കഴിഞ്ഞാല്‍ മോശം വായുവിന്റെ കാര്യത്തില്‍ പാകിസ്താനിലെ ലാഹോറാണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയില്‍ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്ക നാലാമതാണ്.
ഐ ക്യൂ എയറിന്റെ വായു ഗുണനിലവാര റാങ്കിംഗ് (AQI) ഞായറാഴ്ച ഡെല്‍ഹിയില്‍ 492 രേഖപ്പെടുത്തി. കഴിഞ്ഞ നാല് ദിവസമായി ഇവിടെ വായു ഗുണനിലവാരം രൂക്ഷമായ വിഭാഗത്തില്‍ തുടരുകയാണ്. അതേസമയം, എക്യുഐ കൊല്‍ക്കത്തയില്‍ 204 ഉം മുംബൈയില്‍ 168 ഉം ആയിരുന്നു. വിദഗ്ധരുടെ അഭിപ്രായത്തില്‍, എക്യൂഐ പൂജ്യത്തിനും 50 നും ഇടയിലായിരിക്കുമ്പോള്‍ അതിനെ ‘നല്ലത്’ എന്ന് വിളിക്കുന്നു.
സ്കോര്‍ 51നും 100നും ഇടയിലുള്ളത് തൃപ്തികരവും 101നും 200നും ഇടയിലുള്ളത് ‘മിതമായതും’, 201നും 300നും ഇടയിലുള്ളത് ‘മോശം’, 301നും 400നും ഇടയിലുള്ളത് ‘വളരെ മോശം’, 401നും 500നും ഇടയിലുള്ള സ്കോര്‍ ‘ഗുരുതരവും’ എന്നിങ്ങനെയാണ് കണക്കാക്കുന്നത്.
അടുത്ത മൂന്ന് ദിവസത്തേക്ക് രാജ്യ തലസ്ഥാനത്തും എന്‍സിആറിലും സമീപ പ്രദേശങ്ങളിലും അന്തരീക്ഷ മലിനീകരണത്തില്‍ നിന്ന് മോചനം ലഭിക്കാന്‍ സാധ്യതയില്ലെന്ന് ഡല്‍ഹിയിലെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി തലസ്ഥാനമായ ഡല്‍ഹിയിലും എന്‍സിആറിലും മലിനീകരണം മൂലം ജനങ്ങള്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ടുകയാണ്. ആളുകള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടായി. കണ്ണിന് അസ്വസ്ഥത, തുമ്മല്‍, തൊണ്ടവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെടുന്നുണ്ട്.