KeralaNEWS

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളവും തമിഴ്നാടും ബഹുദൂരം മുന്നിൽ! ഏത് കാര്യത്തിൽ, എന്തുകൊണ്ട്? കാര്യകാരണസഹിതം വിവരിച്ച് പെരുമാൾ മുരുകൻ

തിരുവനന്തപുരം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ വിദ്യാഭ്യാസ പുരോഗതിയിൽ ബഹുദൂരം മുന്നിലാണെന്ന് പെരുമാൾ മുരുകൻ. നിയമസഭാ അന്താരാഷ്ട്ര പുസ്ത​കോത്സവത്തിൽ സാഹിത്യവും വായനയും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. മലയാളവും തമിഴും സഹോദര ഭാഷകളാണ്. നിയമസഭ നടത്തുന്ന അന്താരാഷ്ട്ര പുസ്ത​കോത്സവം ആനന്ദം നൽകുന്നു. ഒരേ സ്ഥലത്ത് ലക്ഷക്കണക്കിന് പുസ്തകങ്ങൾ ഒരുമിച്ച് കാണാൻ കഴിയുന്നത് മഹത്തരമാണ്. പുസ്തകോത്സവത്തി​ന്റെ ഭാഗമായി പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും പെരുമാൾ മുരുകൻ പറഞ്ഞു.

ഭാഷയുടെ കണ്ടുപിടിത്തമായിരുന്നു മാനവരാശിയുടെ വളർച്ചയ്ക്ക് നിദാനം. ഭാഷ കണ്ടുപിടിക്കുന്നതിനുമുമ്പ് മൃഗങ്ങളെപ്പോലെയും പക്ഷികളെപ്പോലെയുമാണ് മനുഷ്യൻ ആശയവിനിമയം നടത്തിയിരുന്നത്. സംസാരഭാഷ കടന്നുവന്നതോടെയാണ് മനുഷ്യ​ന്റെ അറിവ് വളർന്നുതുടങ്ങിയത്. ഭാഷയിലൂടെയാണ് നാം ഒരു വിഷയത്തെക്കുറിച്ച് ചിന്തിക്കുന്നത്. ഭാഷയില്ലെങ്കിൽ ചിന്തയില്ലെന്നാണ് അതിനർത്ഥം. മനുഷ്യ​ന്റെ കണ്ടെത്തലുകൾ കയ്യെഴുത്തിലൂടെ വരും തലമുറയ്ക്കായി മാറ്റിവച്ചതാണ് മനുഷ്യരാശിയുടെ മു​​​ന്നേറ്റത്തിന് കാരണമായതെന്നും പെരുമാൾ മുരുകൻ ചൂണ്ടികാട്ടി.

Signature-ad

ആദ്യ കാലത്ത് എഴുതപ്പെട്ടിരുന്ന താളിയോല ഗ്രന്ഥങ്ങൾ എല്ലാവരിലും എത്തിയിരുന്നില്ല. അച്ചടിയുടെ കണ്ടെത്തലോടെയാണ് പുസ്തകങ്ങൾ യഥേഷ്ടം വായനക്കാരിലേ​​ക്കെത്തിയത്. ഇപ്പോൾ ഇ – ബുക്കുകളും വായനക്കാരി​ലേ​ക്കെത്തി തുടങ്ങിയിരിക്കുന്നു. ഇന്നുള്ള പുസ്തക രൂപങ്ങൾ വരുംകാലങ്ങളിൽ ഉണ്ടാകുമോയെന്നത് ചോദ്യചിഹ്നമായി നിലനിൽക്കുകയാണ്. വായനക്കാരുടെ എണ്ണത്തിൽ കുറവുവന്നിട്ടുണ്ടെന്നത് ശരിയല്ല. ​വിദ്യാഭ്യാസ പുരോഗതി, പുസ്തകമേള, ഓൺ​ലൈൻ പുസ്തങ്ങളുടെ ലഭ്യത എന്നിവയിലൂടെ വായനക്കാരുടെ എണ്ണത്തിൽ വർധനവാണ് ഉണ്ടായിട്ടുള്ളതെന്നും പെരുമാൾ മുരുകൻ അഭിപ്രായപ്പെട്ടു.

Back to top button
error: