കൊച്ചി: കളമശേരിയിൽ യെഹോവയുടെ സാക്ഷികളുടെ സമ്മേളനം നടന്ന കൺവൻഷൻ സെന്റർ സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതി ഡൊമിനിക് മാർട്ടിനെതിരെ കൃത്യമായ തെളിവുകൾ കിട്ടിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എ അക്ബർ. പ്രതി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്നും, പ്രതിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലടക്കം അന്വേഷണം നടത്തിയെന്നും കമ്മീഷണർ വ്യക്തമാക്കി. കുറ്റകൃത്യത്തിൽ പ്രതിയുടെ പങ്ക് കൃത്യമായി ബോധ്യപ്പെട്ട ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡൊമിനിക് മാർട്ടിൻ അല്ലാതെ കേസിൽ മറ്റാരെങ്കിലും പ്രതിയാണോയെന്നതടക്കം വിശദമായി പരിശോധിക്കും. ഇന്നലെ വൈകിട്ട് ഏഴ് മണിക്കാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനുള്ളിൽ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പറഞ്ഞ കമ്മീഷണർ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാർട്ടിൻ മാത്രമാണ് പ്രതിയെന്നും വ്യക്തമാക്കി.
കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിനിടെയാണ് സ്ഫോടന പരമ്പര നടന്നത്. മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ 45 പേർക്ക് പരിക്കേറ്റിരുന്നു. 21 പേർ ഇപ്പോഴും ആശുപത്രിയിലാണ്. ഇവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. 16 പേർ ഐസിയുവിലാണ് ചികിത്സയിൽ കഴിയുന്നത്. യഹോവയുടെ സാക്ഷികൾ കൂട്ടായ്മയോടുള്ള തർക്കങ്ങളെ തുടർന്ന് പ്രതിഷേധ സൂചകമായാണ് ആക്രമണം നടത്തിയതെന്നാണ് പ്രതി ഡൊമിനിക് മാർട്ടിന്റെ മൊഴി.
ഇയാൾക്കെതിരെ യുഎപിഎ, സ്ഫോടക വസ്തു നിയമം, കൊലപാതകം, വധശ്രമം തുടങ്ങിയ വിവിധ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഞായറാഴ്ച്ച രാവിലെ സ്ഫോടനം നടക്കുമ്പോൾ കൺവൻഷൻ സെന്ററിലുണ്ടായിരുന്ന പ്രതി ഇവിടെ നിന്നും സ്കൂട്ടറിൽ പുറത്തേക്ക് പോയി. ഒരു ഹോട്ടലിൽ മുറിയെടുത്ത ശേഷം വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് താനാണ് കുറ്റകൃത്യം ചെയ്തതെന്ന് വെളിപ്പെടുത്തി. പിന്നീട് കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കളമശേരിയിൽ എത്തിച്ച പ്രതിയെ വിശദമായി എആർ ക്യാംപിൽ ചോദ്യം ചെയ്തു. പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്ന ശേഷം മതിയായ തെളിവുകളുണ്ടെന്ന് ഉറപ്പാക്കി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംസ്ഥാന പൊലീസ്, എൻഐഎ, എൻഎസ്ജി തുടങ്ങിയ ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിൽ ക്യാംപ് ചെയ്യുന്നുണ്ട്.