KeralaNEWS

സര്‍ക്കാര്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടാന്‍ ശ്രമം; ഫോണ്‍ സംഭാഷണം തന്റേതെന്ന് സമ്മതിച്ച് എന്‍.സി.പി നേതാവ്

കൊച്ചി: സര്‍ക്കാര്‍ ജോലിക്കായി പണം ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം തന്റേതെന്ന് സമ്മതിച്ച് എന്‍.സി.പി വയനാട് ജില്ലാ പ്രസിഡന്റ് കെ.ബി പ്രേമാനന്ദന്‍. പണം വാങ്ങി ആര്‍ക്കും ജോലി നല്‍കിയിട്ടില്ലെന്ന് പ്രേമാനന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ ബോര്‍ഡുകളില്‍ ക്ലറിക്കല്‍ പോസ്റ്റിന് 18 ലക്ഷവും പ്യൂണ്‍ പോസ്റ്റിന് 13 ലക്ഷം രൂപയും പ്രേമാനന്ദന്‍ ആവശ്യപ്പെടുന്ന ശബ്ദരേഖ ആണ് പുറത്തായത്.

തന്റെ സുഹൃത്ത് പറഞ്ഞ കാര്യം മറ്റൊരാളോട് പറഞ്ഞതാണെന്നും താന്‍ ആര്‍ക്കും ജോലി വാങ്ങി നല്‍കിയിട്ടില്ലെന്നുമാണ് പ്രേമാനന്ദന്റെ വിശദീകരണം. ഇത് പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നും പ്രേമാനന്ദനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി. എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയും മന്ത്രി എ.കെ ശശീന്ദ്രനും വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Signature-ad

അതേസമയം, സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ പിസി ചാക്കോ വിഭാഗീയത സൃഷ്ടിക്കുകയാണെന്ന് ഒരു വിഭാഗം എന്‍സിപി നേതാക്കള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹം പാര്‍ട്ടി പാര്‍ലമെന്ററി നേതാവായ തോമസ് കെ തോമസിനെ അധിക്ഷേപിക്കുകയാണ്. അദ്ദേഹത്തിന്റെ ഇത്തരം നടപടിയില്‍ ഭൂരിപക്ഷം പ്രവര്‍ത്തകരും കടുത്ത അസംതൃപ്തിയിലാണ്.

എന്‍സിപിയെ തകര്‍ക്കാനുള്ള ഏതൊരു നീക്കത്തെയും പ്രവര്‍ത്തകര്‍ ചെറുക്കും. സംസ്ഥാനതലത്തില്‍ പിരിച്ചെടുത്ത രണ്ട് കോടി രൂപ ചാക്കോയും അദ്ദേഹത്തിന്റെ വിശ്വസ്തന്റെയും കൈകളിലാണെന്നും ചാക്കോയെ എതിര്‍ക്കുന്ന നേതാക്കള്‍ ആരോപിച്ചു.
സംസ്ഥാന ഭാരവാഹികളായ വിവി കുഞ്ഞികൃഷ്ണന്‍, പി കുഞ്ഞികൃഷ്ണന്‍, കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് പ്രശാന്ത് മുരിക്കോളി, മുന്‍ ജില്ലാ പ്രസിഡന്റ് ജോബിഷ് ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

 

Back to top button
error: