KeralaNEWS

നൂറു േകാടി ചെലവില്‍ പെരുമ്പളത്തിന്റെ സ്വപ്‌നം; പാലത്തിന്റെ ആദ്യ ആര്‍ച്ച് ബീം റെഡി

ആലപ്പുഴ: പെരുമ്പളം ദ്വീപ് ജനതയുടെ ഗതാഗതം സുഗമമാകാന്‍ നിര്‍മിക്കുന്ന പെരുമ്പളം പാലത്തിന്റെ (പെരുമ്പളം – വടുതല ജെട്ടി പാലം) ആദ്യ ആര്‍ച്ച് ബീം പൂര്‍ത്തിയായി. മൂന്ന് ആര്‍ച്ച് ബീമുകളാണ് നിര്‍മിക്കുന്നത്. ഇതില്‍ ആദ്യത്തേതിന്റെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചത്. രണ്ടാമത്തെ ബീമിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. നിലവില്‍ പാലത്തിന്റെ 60 ശതമാനത്തോളം നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.

കേരളത്തില്‍ കായലിന് കുറുകെയുള്ള ഏറ്റവും നീളമേറിയ പാലമാണ് പെരുമ്പളത്ത് നിര്‍മിക്കുന്നത്. പെരുമ്പളം ദ്വീപ് പഞ്ചായത്തിനെ അരൂക്കുറ്റി പഞ്ചായത്തിലെ വടുതലയുമായാണ് പാലം ബന്ധിപ്പിക്കുന്നത്. പതിനായിരത്തില്‍ താഴെ ജനസംഖ്യയുള്ള പെരുമ്പളം ദ്വീപിലേക്ക് നൂറുകോടി രൂപ മുതല്‍മുടക്കിയാണ് പാലം നിര്‍മിക്കുന്നത്. ഇടതുപക്ഷ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നുകൂടിയാണ് ഈ പാലം.

Signature-ad

1,140 മീറ്ററാണ് പാലത്തിന്റെ നീളം. ദേശീയ ജലപാത കടന്നുപോകുന്നതിനാലാണ് പാലത്തിന്റെ ഏതാണ്ട് മദ്യഭാഗത്തായി ആര്‍ച്ച് ബീമുകള്‍ നിര്‍മിക്കുന്നത്. പാലത്തിന്റെ മറ്റ് സ്പാനുകളില്‍നിന്ന് വ്യത്യസ്തമായി ഇവിടെ 55 മീറ്ററാണ് സ്പാനുകള്‍ തമ്മിലുള്ള ദൂരം. നീളമേറിയ സ്പാനുകള്‍ ഉപയോഗിക്കേണ്ടി വരുന്നതിനാലാണ് ആര്‍ച്ച് ബീമുകള്‍ ഉപയോഗിച്ച് ബലപ്പെടുത്തുന്നത്. ആകെ 30 സ്പാനുകളാണ് പാലത്തിനുള്ളത്. പാലത്തിന്റെ ഇരുവശത്തും ഒന്നര മീറ്റര്‍ നടപ്പാതയും നിര്‍മിക്കുന്നുണ്ട്. നടപ്പാത ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയുണ്ടാകും. ആര്‍ച്ച് ബിം വരുന്നിടത്ത് 12 മീറ്റര്‍ ആകും വീതി.

പാലത്തിന്റെ പ്രധാന ആകര്‍ഷണം ആര്‍ച്ച് ബീമുകളാകും. നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ആകാശദൃശ്യങ്ങള്‍ നേരത്തെ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് പങ്കുവെച്ചിരുന്നു. പാലം യാഥാര്‍ഥ്യമാകുന്നതോടെ പെരുമ്പളം ദ്വീപ് നിവാസികള്‍ വര്‍ഷങ്ങളായി അനുഭവിച്ചുവരുന്ന യാത്രാദുരിതത്തിനാണ് വിരാമമാകുന്നത്. നിലവില്‍ മറുകരയിലെത്താന്‍ ബോട്ടും ജങ്കാറുമാണ് ആശ്രയിക്കുന്നത്. പാലം ദ്വീപിന്റെ ടൂറിസം മേഖലയ്ക്കും കുതിപ്പുണ്ടാക്കും.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അതിവേഗതയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 2021 ജനുവരി എട്ടിന് തുടങ്ങിയ പാലം നിര്‍മാണം 2024 മാര്‍ച്ചോടെ പൂര്‍ത്തിയായേക്കും.

 

 

Back to top button
error: