
സംവിധായകൻ ബാലചന്ദ്ര കുമാർ വൃക്ക രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച വ്യക്തിയാണ് ബാലചന്ദ്ര കുമാർ
. തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാൾ ആശുപത്രിയിൽ അതീവഗുരുതരാവസ്ഥയിൽ കഴിയുന്ന ബാലചന്ദ്രകുമാറിന്റെ ചികിത്സയ്ക്ക് ധന സഹായം വേണമെന്ന് ഭാര്യ ഷീബ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമിൽ അഭ്യർഥിച്ചു. അദ്ദേഹത്തിന്റെ വിവരങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് ധനസഹായം തേടിയിരിക്കുന്നത്.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 20 ലക്ഷം രൂപ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. ഒരു ഇൻഷുറൻസ് സപ്പോർട്ടും ഇല്ലാതെ തന്നെ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ഇതിനകം 10 ലക്ഷം രൂപ ചെലവഴിച്ചു. കുടുംബത്തിൽ വരുമാനമുണ്ടായിരുന്ന ഒരേയോരാൾ ബാലചന്ദ്രനായിരുന്നുവെന്നും മറ്റാർക്കും കാര്യമായ സാമ്പത്തിക ശേഷിയില്ലെന്നും ഷീബ പറഞ്ഞു.
രണ്ട് കുട്ടികൾ മാത്രമുള്ള കുടുംബമായതിനാൽ തന്നെ ദൈനംദിന ചെലവുകൾക്കൊപ്പം ഭർത്താവിന്റെ ചികിത്സയുടെ ചിലവും കൂടിയെത്തിയതോടെ സാമ്പത്തികമായി തകർന്നിരിക്കുകയാണെന്നും ഷീബ കൂട്ടിച്ചേർത്തു. ബാലചന്ദ്രയുടെ ചികിത്സാ ചിലവുകൾക്കായി നിങ്ങൾ സംഭാവന ചെയ്യുന്ന ഏത് തുകയും വളരെ വിലമതിക്കുന്നതാണെന്നും കുടുംബത്തിനൊപ്പം ഏവരുടെയും പ്രാർത്ഥനയുണ്ടാകണമെന്നും ഷീബ അഭ്യർത്ഥിച്ചു.






