ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡൻറും ഏരിയാ കമ്മിറ്റി അംഗവുമായ എസ് ഹാരിസ് പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചു. നേതൃത്വത്തിൻറെ ഏകപക്ഷീയ നടപടികളിൽ പ്രതിഷേധിച്ച് പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റിടുകയായിരുന്നു എസ് ഹാരിസ്.
പുന്നപ്ര വയലാർ സമരത്തിൻറെ വാർഷികാചാരണത്തിൻറെ ഭാഗമായുള്ള പുഷ്പാർച്ചനയിൽ പങ്കെടുത്തുകൊണ്ട് സംഘടനാപ്രവർത്തനം അവസാനിപ്പിക്കുന്നു എന്നായിരുന്നു മാർച്ചിൻറെ ഫോട്ടോ ഉൾപ്പെടെ പങ്കുവെച്ചു കൊണ്ട് എസ് ഹാരിസ് പോസ്റ്റിട്ടത്. 20 വർഷമായി പാർട്ടിയിലെ സജീവ പ്രവർത്തകനായിരുന്നു എസ് ഹാരിസ്. അമ്പലപ്പുഴ സിപിഎമ്മിലെ ജനകീയ മുഖമായിരുന്ന എസ് ഹാരിസ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡൻറും ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു. എന്നാൽ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നതിന് എന്താണ് കാരണമെന്ന് പോസ്റ്റിൽ ഹാരിസ് വ്യക്തമാക്കുന്നില്ല.
ആറ് മാസം പഞ്ചായത്ത് അംഗം ധ്യാനസുധനും ഹാരിസും തമ്മിൽ പാർട്ടി ഓഫീസിൽ വച്ച് ഏറ്റുമുട്ടിയിരുന്നു. ഇതേ തുടർന്ന് ഹാരിസിനെ പാർട്ടിയിൽ നിന്ന് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. എന്നാൽ ധ്യാനസുധനെതിരെ ഒരു നടപടിയും ഉണ്ടായില്ല. തന്നെ വ്യക്തിപരമായി അവഹേളിച്ച ധ്യാനസുധനെതിരെ പാർട്ടിക്ക് പരാതി നൽകിയിട്ടും നീതി ലഭിച്ചില്ലെന്നാണ് ഹാരിസ് പറഞ്ഞു.
ഏറെ ജന പിന്തുണയുള്ള നേതാവ് പാർട്ടി വിട്ടിട്ടും ഇതിനോട് പ്രതികരിക്കാൻ സിപിഎം അമ്പലപ്പുഴ ഏരിയ നേതൃത്വമോ ജില്ലാ സെക്രട്ടറിയോ തയ്യാറായിട്ടില്ല. അടുത്ത കാലത്ത് രണ്ടാമത്തെ പഞ്ചായത്ത് പ്രസിഡൻറാണ് സിപിഎം വിടുന്നത്. നേതൃത്വത്തെ പരസ്യമായി വിമർശിച്ച് കൊണ്ട് രാമങ്കരി പഞ്ചായത്ത് പ്രസിൻറ് ആർ രാജേന്ദ്രകുമാർ സിപിഎം വിട്ടത് വൻ വിവാദമായിരുന്നു. 150 ഓളം പാർട്ടി അംഗങ്ങളും അന്ന് സിപിഎം വിട്ട് സിപിഐയിൽ ചേർന്നിരുന്നു.