തൃശൂർ: ഗുരുവായൂരപ്പന് പ്രതിദിനം നേർച്ച കാഴ്ചകളുടെ പൂരമാണ്. സ്വർണകിരീടവും കാൽത്തളയും കൈവളയും എന്നു വേണ്ട ഈശ്വര പ്രീതിക്കു വേണ്ടി എന്നും സമർപ്പിൽ സന്നദ്ധരായി നിൽക്കുകയാണ് ഭക്തർ.
ഇന്നലെ ഗുരുവായൂരപ്പന് ഒരു ഭക്തൻ സമർപ്പിച്ചത് പൊന്നിൽ തീർത്ത ഓടക്കുഴലാണ്. 40 പവനോളം തൂക്കം വരുന്ന ഓടക്കുഴൽ ചങ്ങനാശ്ശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് സമർപ്പിച്ചത്. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സമര്‍പ്പണം.
ക്ഷേത്രം അസിസ്റ്റന്റ് മാനേജര്‍ ലെജുമോള്‍, സ്വര്‍ണ്ണകൊടിമരത്തിന് സമീപം വച്ച് പൊന്നോടക്കുഴല് ഏറ്റുവാങ്ങി. ഷാര്‍ജയില്‍ ബിസിനസ് നടത്തുന്ന രതീഷ് മോഹന്‍, എല്ലാ മലയാള മാസം ഒന്നാം തീയതിയും അന്നദാനവും വഴിപാടായി നല്കുന്ന ഗുരുവായൂരപ്പ ഭക്തനാണ്. രതീഷ് മോഹന്റെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.
അതേസമയം, ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ (ഒക്ടോബർ) ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത്
4,50,59,272 രൂപയാണെന്നുള്ള കണക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. രണ്ട് കിലോ 300 ഗ്രാം 900 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 11 കിലോ 270ഗ്രാമാണ്.