തൃശൂർ:ഗുരുവായൂർ ദേവസ്വം ചട്ട വിരുദ്ധമായാണ് പണം നിക്ഷേപിച്ചതെന്ന് ഓഡിറ്റ് റിപ്പോർട്ട്. പേരകം, എരിമയൂർ സഹകരണ ബാങ്കുകളിൽ ഉള്ളത് 17 ലക്ഷത്തോളം രൂപയുടെ നിക്ഷേപം.
സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിൽ 117 കോടിയോളം നിക്ഷേപം. ഇസാഫിൽ ഗുരുവായൂർ ദേവസ്വം നിക്ഷേപിച്ചത് 63 കോടിയോളം രൂപ. ശേഷിക്കുന്ന തുക ഷെഡ്യൂൾഡ് ബാങ്കുകളിലും റിസർവ് ബാങ്ക് നിയന്ത്രണത്തിലുള്ള മറ്റു ബാങ്കുകളിലുമാണ്.
ഗുരുവായൂർ ദേവസ്വത്തിന്‍റെ 60 ശതമാനം പണവും ദേശസാത്കൃത ബാങ്കുകളിലാണ് നിക്ഷേപിച്ചിട്ടുള്ളതെന്ന് ദേവസ്വം മാനേജിങ് കമ്മിറ്റി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലെ പണം സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ഡോ. മഹേന്ദ്രകുമാർ നൽകിയ ഹർജിയിലായിരുന്നു അന്വേഷണം.
കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പു ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ആവശ്യമുന്നയിച്ച് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. പണം ദേശസാത്കൃത ബാങ്കുകളിൽ നിക്ഷേപിക്കാൻ നിർദേശിക്കണമെന്നും ദേവസ്വം സ്വത്തുക്കളുടെ ഓഡിറ്റ് നടത്തി പ്രസിദ്ധീകരിക്കണമെന്നും ഹർജിയിൽ ആആവശ്യപ്പെട്ടിരുന്നു.