KeralaNEWS

എന്താണ് ഓൾ ഇൻഡ്യ ടൂറിസ്റ്റ് പെർമിറ്റ് ? എന്താണ് റോബിൻ ബസിന്റെ പ്രശ്നം ?

ത്തനംതിട്ട – കോയമ്പത്തൂർ റൂട്ടിൽ സർവീസ് ആരംഭിച്ച റോബിൻ ബസ് എംവിഡി പിടിച്ചെടുത്ത സംഭവത്തിൽ സോഷ്യൽ മീഡിയ നിറയെ വാദപ്രതിവാദങ്ങൾ അരങ്ങ് തകർക്കുകയാണ്.സംഭവത്തിൽ എന്താണ് വാസ്തവം?
 മുൻപ് ഒരു ടൂറിസ്റ്റ് ബസ് (കോൺട്രാക്റ്റ് കാരിയേജ് ) കേരളത്തിൽ നിന്ന് കർണ്ണാടകത്തിൽ പ്രവേശിക്കാൻ ഏതാണ്ട് 17000 രൂപ ടാക്സ് അടയ്ക്കണമായിരുന്നു. മറ്റു സംസ്ഥാനങ്ങളും ഇങ്ങനെ തങ്ങളുടെ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ വ്യത്യസ്ഥ ടാക്സ് നിരക്കുകൾ ഏർപ്പെടുത്തിയിരുന്നു. ഇത് ഇന്ത്യയിലെ അഭ്യന്തര ടൂറിസത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് മനസ്സിലാക്കിയ കേന്ദ്ര ഗവൺമെന്റ് ആ പ്രശ്നം ഒഴിവാക്കാൻ ഒരു ഏകീകൃത ടാക്സ് സംവിധാനം ഏർപ്പെടുത്തി ടൂറിസ്റ്റ് ബസ്സുകൾക്ക് നൽകിയ പെർമിറ്റാണ് AI TP.
ഈ പെർമിറ്റ് എടുക്കുന്ന വണ്ടികൾക്ക് ഓരോ സംസ്ഥാനത്തും പ്രത്യേകം പ്രത്യേകം ടാക്സ് അടക്കേണ്ടതില്ല.
കഴിഞ്ഞ മെയിൽ നടപ്പിലായ ഈ നിയമം അനുസരിച്ച് ഭാരതത്തിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ഇപ്പോൾ ധാരാളം ബസ് സർവ്വീസുകൾ നടക്കുന്നുണ്ടു താനും.
എന്താണ് കേരളത്തിലെ പ്രശ്നം.തൊടുപുഴ മേലുകാവുമറ്റം സ്വദേശിയായ റോബിൻ ഗിരീഷ് എന്ന ഒരു സ്വകാര്യ ബസ് ഓപ്പറേറ്റർ ‘റോബിൻ’ എന്ന തന്റെ ബസ് പത്തനംതിട്ട – കോയമ്പത്തൂർ റൂട്ടിൽ സർവീസിനിടുന്നു.അതാകട്ടെ ബോർഡ് വച്ച് എല്ലാ സ്റ്റാൻഡിലും കയറി ആളെയെടുത്തും.
ഇതോടെ കെഎസ്ആർടിസി രംഗത്തിറങ്ങി.
 കെഎസ്ആർടിസിയുടെ  നാഷണലൈസ് ചെയ്ത റൂട്ടിലെ കുത്തക തകർക്കുമെന്നും കെഎസ്ആർടിസിയുടെ അന്ത്യം കുറിക്കുന്നതാണ് AlTP എന്നും ഗിരീഷ് പ്രഖ്യാപിച്ചതും കോർപ്പറേഷനെ ചൊടിപ്പിച്ചു.
ധാരാളം ടൂറിസ്റ്റ് ബസ്സുകൾ നിയമ വിരുദ്ധമായി കേരളത്തിന് പുറത്തേക്കും കേരളത്തിനകത്തും നിലവിൽ സർവ്വീസ് നടത്തുന്നുണ്ട്. ജനങ്ങൾക്ക് യാത്രാസൗകര്യം ലഭിക്കുന്നതിനാൽ കാലാകാലങ്ങളായി സർക്കാരും ഉദ്യോഗസ്ഥരും ഈ സർവ്വീസുകൾക്ക് നേരെ കണ്ണടയ്ക്കുകയാണ് പതിവ്.
എന്നാൽ ഗിരീഷ് ഗവൺമെന്റിനെ വെല്ലുവിളിക്കുകയാണ് ചെയ്തത്. തനിക്ക് ലഭിച്ച ടൂറിസ്റ്റ് പെർമിറ്റ് ഉപയോഗിച്ച് സ്റ്റേജ് കാരിയേജ് സർവ്വീസ് ആണ് അയാൾ തുടങ്ങിയത്. അയാൾക്ക് ഇഷ്ടമുള്ള റൂട്ടിൽ തോന്നിയ സമയത്ത്  തോന്നുന്ന യാത്രക്കൂലി ഈടാക്കി സർവ്വീസ് നടത്താനാൻ  AlTP വ്യവസ്ഥകളിൽ  പഴുത് കണ്ടേക്കാം. എന്നാൽ പോയിന്റുകളിൽ നിന്നും ആളെ കയറ്റാനെ ഇത്തരം വാഹനങ്ങൾക്ക് അനുമതിയുള്ളൂ.അതേപോലെ ബോർഡ് വച്ച് സർവീസ് നടത്താനോ, സർവീസ് ആരംഭിക്കുന്ന ഇടത്തും അവസാനിക്കുന്ന ഇടത്തുമൊഴികെ മറ്റൊരു സ്റ്റാൻഡിലും കയറാനോ ഇത്തരം വാഹനങ്ങൾക്ക് അനുമതിയില്ല.
ഒക്ടോബർ ഒന്നിനാണ് റോബിൻ ബസ് പത്തനംതിട്ട – കോയമ്പത്തൂർ റൂട്ടിൽ ആദ്യം സർവീസിനിറങ്ങിയത്.റാന്നി സ്റ്റാൻഡിൽ കയറവേ അന്ന് എംവിഡി ബസ് കസ്റ്റഡിയിലെടുത്തിരുന്നു.പിന്നീട് ഒക്ടോബർ 18-ന്  വീണ്ടും സർവീസിനെത്തിയപ്പോഴാണ് എംവിഡി ബസ് പിടിച്ചെടുത്തത്.
സംഭവത്തിൽ വാദപ്രതിവാദങ്ങൾ അരങ്ങ് തകർക്കുകയാണ്.കെഎസ്ആർടിസിക്കുവേണ്ടി സർക്കാർ നടത്തുന്ന അനീതിയാണ് ഇതെന്നതാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം.എന്നാൽ നിയമം കേന്ദ്രത്തിന്റേതാണ്.പത്തനംതിട്ട – കോയമ്പത്തൂർ റൂട്ടിൽ തന്നെ ‘എ-വൺ’ ബസ് രണ്ടു പതിറ്റാണ്ടുകളായി സർവീസ് നടത്തുന്നുണ്ട്.’കല്ലട’ ട്രാവൽസിന്റെ നിരവധി ബസുകൾ പത്തനംതിട്ടയിൽ നിന്നും ബംഗളൂരുവിലേക്കും മറ്റും നിരവധി സർവീസുകളും നടത്തുന്നുണ്ട്.ഇവർക്കൊന്നും ഇല്ലാത്ത പിടിവാശി തന്നെയാണ് ‘റോബിൻ’ മോട്ടോർസിനെ കുഴപ്പത്തിൽ ചാടിച്ചതെന്ന് പറയാതെ വയ്യ!
അതേസമയം  പുതുക്കിയ കേന്ദ്ര നിയമം അനുസരിച്ചു ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസിന് ബോര്‍ഡ് വച്ചു സർവീസ് നടത്താമെന്നിരിക്കെ കെഎസ്ആർടിസിയുടെ പരാതിയിലാണ് നടപടിയെന്ന് റോബിൻ ബസ് ഉടമ മേലുകാവുമറ്റം സ്വദേശിയായ ഗിരീഷ് പറയുന്നു. സ്റ്റാന്‍ഡുകളില്‍ കയറാനും യാത്രക്കാരെ എടുക്കാനും ഇതുപ്രകാരം അനുമതിയുണ്ട്. ബസിന് 1.28 ലക്ഷം രൂപ നികുതി അടച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ തടസ്സം പറഞ്ഞിരുന്നില്ല. സുപ്രീംകോടതിയില്‍നിന്ന് ഇക്കാര്യത്തിൽ അനുകൂലമായ വിധിയുണ്ടെന്നും ഗിരീഷ് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ സ്റ്റേജ് കാരിയേജ് ബസുകള്‍ മറ്റ് സർവീസ് ബസുകൾ പോലെ ബോര്‍‌ഡ് വച്ച് ഇടയ്ക്കുനിന്ന് ആളെ കയറ്റി ഓടാന്‍ കഴിയില്ലെന്നാണ് മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്.വിഷയത്തിൽ കോടതിയെ സമീപിക്കുമെന്ന് ബസുടമ വ്യക്തമാക്കിയിട്ടുണ്ട്.

Back to top button
error: