ദില്ലി : ചോദ്യത്തിന് കോഴ ആരോപണത്തിൽ മഹുവ മൊയിത്രയ്ക്ക് എതിരായ ആരോപണങ്ങൾ ശരിവച്ച് വ്യവസായി ദർശൻ ഹിരാ നന്ദാനി. മഹുവയുടെ പാർലമെന്റ് അക്കൗണ്ട് താൻ ഉപയോഗിച്ചിരുന്നതായി ഹിരാനന്ദാനി തുറന്ന് സമ്മതിച്ചു. ഹിരാ നന്ദാനിയുടെ പ്രസ്താവന ഉദ്ദരിച്ച് വാർത്താ എജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മോദിയെ അപകീർത്തിപ്പെടുത്താൻ അദാനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചെന്നും, വില കൂടിയ സമ്മാനങ്ങൾ തന്നിൽ നിന്നും മഹുവ മൊയിത്ര കൈപ്പറ്റിയെന്നും വ്യവസായി പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.
എന്നാൽ മോദി ദർശൻ ഹിരാ നന്ദാനിയെ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നായിരുന്നു മഹുവ മൊയിത്ര എംപിയുടെ പ്രതികരണം. ഹിരാ നന്ദാനിയുടെ എല്ലാ വ്യവസായവും പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി എഴുതിച്ചതാണെന്നും അതിന്റെ ഭാഗമായാണ് ദർശൻ ഹിരാ നന്ദാനിയുടെ പ്രതികരണമെന്നുമാണ് മഹുവ മൊയിത്രയുടെ പ്രതികരണം.
ചോദ്യത്തിന് കോഴ ആരോപണത്തില്‍ എംപിക്കെതിരെ നല്കിയ പരാതിയില്‍ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി മൊഴിയെടുക്കും. പരാതിക്കാരനായ നിഷികാന്ത് ദുബൈ എംപിയോട് 26 ന് ഹാജരാകാന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചു. മഹുവയക്കെതിരായ തെളിവുകള്‍ സിബിഐക്ക് കൈമാറിയ അഭിഭാഷകന് ജെയ് ആനന്ദിനോടും അന്ന് തന്നെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം മഹുവമൊയത്രയെയും വിളിച്ചു വരുത്തും.
കേന്ദ്ര സർക്കാരിനെയും അദാനി ഗ്രൂപ്പിനെയും സംശയത്തിൻറെ നിഴലിൽ നിർത്തി ചോദ്യങ്ങൾ ചോദിക്കുന്നതിന് ഹിരാനന്ദാനി ഗ്രൂപ്പിൽ നിന്ന് രണ്ട് കോടിയോളം രൂപ മഹുവ കൈപ്പറ്റിയെന്നാണ് പ്രധാന ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 75 ലക്ഷം രൂപയും, ഐഫോണടക്കം വിലയേറിയ സമ്മാനങ്ങളും ഹിരാനന്ദാനി ഗ്രൂപ്പ് മഹുവക്ക് നൽകിയെന്നും ആക്ഷേപമുണ്ട്.