NEWSPravasi

പ്രവാസികൾക്ക് സന്തോഷിക്കാനുള്ള വകയുണ്ട്! ഗള്‍ഫിലേക്ക് യാത്രാ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി

ദില്ലി: ഗൾഫിലേക്ക് യാത്രാ കപ്പൽ സർവ്വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തി. ഗൾഫിലെ പ്രവാസി മലയാളികളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരമായി കപ്പൽ സർവ്വീസ് ആരംഭിക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ് സോനോവാളുമായാണ് ദേവർകോവിൽ ചർച്ച നടത്തിയത്. ഫെസ്റ്റിവൽ സീസണിൽ വിമാന കമ്പനികൾ അധിക ചാർജ് ഈടാക്കുന്നത് ശ്രദ്ധയിലുണ്ടെന്നും കപ്പൽ സർവ്വീസ് ആരംഭിക്കാൻ ആവശ്യമായ നടപടികൾ ആരംഭിക്കുവാൻ എല്ലാ സഹകരണമുണ്ടാകുമെന്നും കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.

സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു, കേരള മാരിടൈം ബോർഡ് ചെയർമാൻ എൻഎസ് പിള്ള എന്നിവരും ചർച്ചയിൽ പങ്കെടുത്തു. പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പൽ സർവ്വീസ് ആരംഭിക്കുവാൻ നോർക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളിൽ നിന്ന് വിമാന കമ്പനികൾ ഉത്സവ സീസണുകളിൽ ഭീമമായ തുകയാണ് യാത്രക്കായി ഈടാക്കുന്നത്. തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രക്കായി മാറ്റിവെക്കേണ്ട ദുരവസ്ഥയാണ് സാഹചര്യമാണ് പ്രവാസികൾക്ക് നിലവിലുള്ളത്.

Signature-ad

എൽഡിഎഫ് സർക്കാർ പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് 15 കോടി രൂപ ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇതു കൂടി ഉപയോഗപ്പെടുത്തി കപ്പൽ സർവ്വീസ് ആരംഭിക്കുവാനാണ് ആലോചനയെന്നാണ് അഹമ്മദ് ദേവർകോവിൽ മുമ്പ് അറിയിച്ചത്. യാത്രാ ഷെഡ്യുളും നിരക്കും തീരുമാനിച്ചതിന് ശേഷം യാത്രക്കാരെ കണ്ടെത്തുന്നതിനായി നോർക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

Back to top button
error: