തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ കാലത്തെ മൂന്നാർ ഒഴിപ്പിക്കൽ സിപിഐ തീരുമാനമാണെന്ന് സിപിഐ മുതിർന്ന നേതാവും മുൻ റെവന്യൂ മന്ത്രിയുമായ കെ ഇ ഇസ്മയിൽ. അതിൽ വിഎസ് ഇടപെട്ട് മേൽക്കൈ നേടാൻ ശ്രമം നടത്തിയെന്നും കെ ഇ ഇസ്മയിൽ പറഞ്ഞു. മൂന്നാറിലെ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും ഇസ്മയിൽ അഭിപ്രായപ്പെട്ടു. ആദ്യ ദൗത്യം പാളിയത് ദൗത്യസംഘത്തിന്റെ പിഴവുകൊണ്ടാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതേ സമയം, വൻകിട കയ്യേറ്റങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ രാജൻ വ്യക്തമാക്കി. കുടിയേറ്റവും കയ്യേറ്റവും രണ്ടായി കാണുമെന്നും അഞ്ച് സെൻറിൽ കുറവുള്ളവരെ ഒഴിപ്പിക്കലല്ല സർക്കാരിൻറെ ലക്ഷ്യമെന്നും റവന്യു മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്നാർ ദൗത്യത്തിന് സംസ്ഥാനത്തിന് മുന്നിൽ മുൻ മാതൃകകൾ ഇല്ല. ജെസിബികളും കരിമ്പൂച്ചകളുമാണ് ദൗത്യത്തിന്റെ മുഖമുദ്ര എന്ന് ആരും തെറ്റിദ്ധരിക്കേണ്ടെന്ന് കെ രാജൻ പ്രതികരിച്ചു.
കയ്യേറ്റം ഒഴിപ്പിക്കലിൽ രാഷ്ട്രീയമായ എതിർപ്പുകൾ ഉൾപ്പെടെ ഉണ്ടായേക്കാം. പക്ഷേ, സർക്കാർ നടപടിയുമായി മുന്നോട്ട് പോകുമെന്ന് റവന്യു മന്ത്രി വ്യക്തമാക്കി. കയ്യേറ്റവും കുടിയേറ്റവും സർക്കാർ ഒരുപോലെ കാണില്ല. സാധാരണ ജനങ്ങളുടെ ജീവിതത്തിന് ഒരുവിധത്തിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ലക്ഷ്യത്തിലില്ല. ഹൈക്കോടതി വിധി മാത്രമാണ് സർക്കാർ നടപ്പാക്കുന്നത്. സർക്കാരിന് യാതൊരു ധൃതിയുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. സിപിഎം നേതാവ് എം എം മണിയുടെ പരാമർശത്തിൽ തൽക്കാലം മറുപടി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കയ്യേറ്റത്തിനെതിരെ നടപടിയുമായി സർക്കാർ മുന്നോട്ട് പോകും. ദൗത്യം എന്നത് സിനിമാറ്റിക് ആക്ഷൻ ആയി കാണണ്ടതില്ലെന്നും കെ രാജൻ പറഞ്ഞു.