ദില്ലി: തങ്ങളുടെ മുൻനിര സ്മാർട്ട്ഫോണായ പിക്സൽ ഇനി ഇന്ത്യയിൽ നിർമ്മിക്കുമെന്ന് ഗൂഗിൾ. ഇന്ത്യയെ മുൻഗണനാ വിപണിയായി കരുതുന്ന ആഗോള ടെക് ഭീമനായ ആൽഫബെറ്റ് ഇങ്കിന്റെ ഗൂഗിൾ 2024 ഓടെ ഇന്ത്യയിൽ നിർമ്മിച്ച ഫോണുകൾ പുറത്തിറക്കും. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പിക്സൽ 8ന്റെ നിർമ്മാണമാണ് ഇന്ത്യയിൽ ആരംഭിക്കുക. ഇന്ത്യ പിക്സലിന്റെ മുൻഗണനാ വിപണിയാണെന്ന് ദില്ലിയിൽ നടന്ന ഗൂഗിൾ ഫോർ ഇന്ത്യ ഇവന്റിൽ ഗൂഗിളിന്റെ ഡിവൈസസ് ഹെഡ് റിക്ക് ഓസ്റ്റർലോ പറഞ്ഞു.
ഇന്ത്യയിൽ പിക്സൽ ഫോണുകൾ നിർമ്മിക്കാനുള്ള നീക്കത്തോടെ ആപ്പിൾ പോലുള്ള മറ്റ് പ്രമുഖ ആഗോള ടെക് കമ്പനികളുടെ പാത പിന്തുടരുകയാണ് ഗൂഗിൾ. അതായത്, ഇന്ത്യയിലെ വിതരണക്കാരുടെ ശൃംഖല വിപുലീകരിക്കുന്നതിനും 2023 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ഐഫോൺ ഉൽപ്പാദനം 7 ബില്യൺ ഡോളറായി വർധിപ്പിക്കുന്നതിനും ആപ്പിൾ ഇന്ത്യയിൽ നിർമ്മാണം ആരംഭിച്ചിരുന്നു.
സാംസങും ഇന്ത്യയിൽ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള സാംസങ് ഗാലക്സി ഹാൻഡ്സെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നു, മതമല്ല ഷവോമി ഉൾപ്പെടെയുള്ള ചൈനീസ് ആൻഡ്രോയിഡ് ഫോൺ നിർമ്മാതാക്കൾ പ്രാദേശിക നിർമ്മാതാക്കളുമായി പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്.
ഉപകരണ നിർമ്മാതാക്കൾ, ഡിസൈൻ നിർമ്മാതാക്കൾ, ടെക് കമ്പനികൾ എന്നിവരിൽ നിന്നുള്ള കനത്ത നിക്ഷേപം കാരണം ഇന്ത്യ ഇപ്പോൾ മൊബൈൽ ഫോണുകളുടെ ഏറ്റവും വലിയ രണ്ടാമത്തെ നിർമ്മാണ കേന്ദ്രമാണെന്ന് കൗണ്ടർപോയിന്റ് റിസർച്ചിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു. . ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി, നടപ്പ് സാമ്പത്തിക വർഷത്തിൽ 5.5 ബില്യൺ ഡോളറിന്റെ അതായത്, 45,000 കോടിയിലധികം രൂപയുടെ മൊബൈൽ ഫോണുകളുടെ കയറ്റുമതി ഇന്ത്യ നടത്തുമെന്നും റിപ്പോർട്ട് പറയുന്നു.