കെ.എസ്.ആര്.ടി.സിയെ പുനർജ്ജീവിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി സംസ്ഥാന ഗതാഗത മന്ത്രി എ കെ. ശശീന്ദ്രൻ കൂടിക്കാഴ്ച നടത്തി.
കേന്ദ്രം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അഗ്രഗേറ്റർ ലൈസൻസ് രീതിയോട് സംസ്ഥാനത്തിനുള്ള വിയോജിപ്പ് അറിയിക്കുന്നതിനാണ് പ്രധാനമായും കൂടിക്കാഴ്ച നടത്തിയത്. കെ.എസ്.ആർ.ടി.സി അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ ധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.
ബസുകൾക്ക് നാഷണൽ പെർമിറ്റ് നൽകി അഗ്രഗേറ്റർ ലൈസൻസ് സമ്പ്രദായം നടപ്പിലാക്കുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങളിലെ പൊതു- സ്വകാര്യ ബസ് ഗതാഗതത്തിൻ്റെ നട്ടെല്ല് തകർക്കും.
കോവിഡ് ലോക്ക് ഡൗണിനുശേഷം കെ.എസ്. ആർ.റ്റി.സിയുടെ വരുമാനത്തിൽ 50% കുറവാണ് ഉണ്ടായിട്ടുള്ളത്. പ്രതിദിനം 6 – 6.50 കോടി വരുമാനമുണ്ടായിരുന്നത് ഇപ്പോൾ 3 കോടിയായി കുറഞ്ഞു. പുതിയ രീതി കൂടിയാകുമ്പോൾ പൊതുഗതാഗതം കൂടുതൽ കേന്ദ്ര നിയന്ത്രണത്തിലാകുന്നു.
മറ്റൊരു വിഷയം ഡീസൽ ബസുകളുടെ നടത്തിപ്പിന് വേണ്ടി വരുന്ന കനത്ത ചെലവാണ്. ഇപ്പോൾ പ്രതിദിനം ലഭിക്കുന്ന മൂന്നു കോടി രൂപയിൽ 50 % വും ഡീസലിനാണ് ചെലവാകുന്നത്. സി.എൻ.ജി., എൽ.എൻ.ജി, ഇലക്ട്രിക് ബസുകളിലേയ്ക്ക് മാറുക എന്നതാണ് പോംവഴി. സംസ്ഥാനത്ത് ആവശ്യത്തിന് സി.എൻ.ജി -എൽ.എൻ.ജി പമ്പുകൾ ഇല്ലാത്തതിനാൽ ഇത് പ്രായോഗികമല്ല.
ഡീസൽ ബസിന് 50-55 ലക്ഷം രൂപ മുടക്കുമ്പോൾ ഇലക്ട്രിക് ബസിന് 1.50 – 2 കോടി രൂപ വരെയാണ് വേണ്ടി വരുന്നത്.
2018ൽ തിരുവനന്തപുരത്ത് ഒരു സി.എൻ.ജി. പമ്പ് ആരംഭിച്ചെങ്കിലും ഇതുവരെ കമ്മീഷൻ ചെയ്തിട്ടില്ല. പുതിയ ബസുകൾ വാങ്ങുന്നതിനു പകരം സംസ്ഥാനത്തെ 3000 ഓർഡിനറി ബസുകളെ സി.എൻ.ജി -എൽ.എൻ.ജി ബസുകളാക്കി മാറ്റാവുന്നതാണ്. പക്ഷേ, ഇതിനും ഭീമമായ തുക ചെലവാകും. 500 കോടി രൂപയുടെ അടിയന്തിര സഹായം അനുവദിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത് ഘട്ടം ഘട്ടമായി ലഭിച്ചാൽ മതിയാകും.
സി.എൻ.ജിയ്ക്കുള്ള ജി.എസ്.റ്റി 28% ൽ നിന്നും 18% മായി കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ ഈ ജനവരി മുതൽ നിർബന്ധമാക്കുന്ന
ഫാസ്റ്റ് ടാഗ് കെ.എസ്. ആർ.റ്റി.സിയുടെ നട്ടെല്ല് തകർക്കും. 20 കി.മി. മുകളിൽ 11610/ രൂപയാണ് നൽകേണ്ടി വരുന്നത്. നാഷണൽ ഹൈവേയിലൂടെ 800 കി.മി. പിന്നിടുമ്പോൾ 69660 രൂപ നൽകേണ്ടി വരുന്നു. ഇതിൻ്റെ നിരക്ക് കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു. 22 സീറ്റുള്ള വാഹനങ്ങൾക്ക് പെർമിറ്റ് ഒഴിവാക്കുമെന്ന നിർദേശം പിൻവലിക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പു നൽകി. കൂടാതെ അഗ്രഗേറ്റർ ലൈസെൻസ് സംസ്ഥാനത്തെ ഗതാഗതത്തെ ബാധിക്കില്ല എന്നും ഫസ്റ്റ് ടാഗ് നിരക്ക് സംബന്ധിച്ച് കൂടുതൽ ആലോചനകൾ ക്ക് ശേഷം അറിയിക്കാം എന്നും കേന്ദ്ര മന്ത്രി അറിയിച്ചു.ഗതാഗത സെക്രട്ടറി ബിജൂ പ്രഭാകറു० കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു