ആവര്‍ത്തിച്ച് കീഴടക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും വീണ്ടും വീണ്ടും പുനര്‍നിര്‍മ്മിക്കുകയും ചെയ്ത ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നാണിത്. ലോകത്തിലെ ഏറ്റവും പവിത്രമായ നഗരമായും ജറുസലേം വിശേഷിപ്പിക്കപ്പെടുന്നുണ്ട്. ഇസ്രായേലും പലസ്തീനും തമ്മില്‍ പതിറ്റാണ്ടുകളായി നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പ്രധാന കാരണം ജറുസലേം സ്വന്തമാക്കുകയെന്ന ലക്ഷ്യമാണ്.
അതിപുരാതന ചരിത്രമുള്ള ഭൂമിയിലെ ഏറ്റവും വിശുദ്ധ നഗരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ജറുസലേം ഏറ്റവും കൂടുതല്‍ ആക്രമത്തിനിരയായ പ്രദേശം കൂടിയാണ്. ക്രിസ്തുമതക്കാരും ജൂതന്മാരും ഇസ്ലാം വിശ്വാസികളുമെല്ലാം ഈ പ്രദേശം സ്വന്തമാക്കാനായി ഒട്ടേറെ യുദ്ധങ്ങള്‍ നടത്തിയതായി ചരിത്രം പറയുന്നു.
ബിസി 1000ല്‍ ഡേവിഡ് (ദാവീദ്) രാജാവ് ജറുസലേമിനെ ജൂത രാജ്യത്തിന്റെ തലസ്ഥാനമാക്കിയതോടെയാണ് ജറൂസലേം ചരിത്രത്തിൽ അറിയപ്പെട്ടു തുടങ്ങുന്നത്. ദാവീദ് രാജാവ് ജറുസലേം പിടിച്ചടക്കി 40 വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ മകന്‍ സോളമന്‍ നിര്‍മ്മിച്ചതാണ് ഇവിടുത്തെ ആദ്യത്തെ വിശുദ്ധ മന്ദിരം(സിനഗോഗ്).
586-ല്‍ ബാബിലോണിയക്കാര്‍ ഈ സിനഗോഗ് നശിപ്പിച്ചു.ഇതിന്റെ വിശദമായ വിവരണങ്ങള്‍ ബൈബിളിലും തോറയിലും കാണാം. ബാബിലോണിയക്കാര്‍ ജറുസലേം പിടിച്ചടക്കിയതിനുശേഷം അവര്‍ ഇത് നശിപ്പിക്കുകയും ജൂതന്മാരെ നാടുകടത്തുകയും ചെയ്തു. ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് ശേഷം പേര്‍ഷ്യന്‍ രാജാവായ സൈറസ് യഹൂദന്മാരെ യെരൂശലേമിലേക്ക് മടങ്ങാനും അവരുടെ പള്ളി പുനര്‍നിര്‍മ്മിക്കാനും അനുവദിച്ചു.
ബിസി 332-ല്‍ മഹാനായ അലക്‌സാണ്ടര്‍ ജറുസലേമിനെ കൈയടക്കിയതിനുശേഷം, റോമാക്കാര്‍, പേര്‍ഷ്യക്കാര്‍, അറബികള്‍,ഫാത്തിമിഡുകള്‍, സെല്‍ജുക് തുര്‍ക്കികള്‍, കുരിശുയുദ്ധക്കാര്‍, ഈജിപ്തുകാര്‍, മംലൂക്കുകള്‍, ഇസ്ലാമിസ്റ്റുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ 100 വര്‍ഷത്തിനുള്ളില്‍ ഈ പ്രദേശത്ത് എത്തുകയുണ്ടായി.
ജറുസലേമിന്റെ ആധുനിക ചരിത്രത്തില്‍ പറയുന്നത് ഒന്നാം ലോകമഹായുദ്ധത്തിനുശേഷം, ഗ്രേറ്റ് ബ്രിട്ടന്‍ ആണ് ഈ ഭൂമി സ്വന്തമാക്കുന്നത് എന്നാണ്. പിന്നീട് 1948ല്‍ പലസ്തീനും ഇസ്രായേലുമായി വിഭജിക്കപ്പെട്ടു. ഇതിനുശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആരംഭിക്കുന്നത്.
ജറുസലേം ക്രിസ്തുമതക്കാര്‍ക്കും ജൂതന്മാര്‍ക്കും മുസ്ലീം വിശ്വാസികള്‍ക്കുമെല്ലാം വിശുദ്ധ നഗരമാകുന്നത് വെസ്റ്റേണ്‍ വാള്‍, ഡോം ഓഫ് ദ റോക്ക്, അല്‍-അഖ്സ മസ്ജിദ് എന്നിങ്ങനെ മൂന്ന് മതങ്ങളുടേയും വിശ്വാസ കേന്ദ്രങ്ങള്‍ ഇവിടെ സ്ഥിതിചെയ്യുന്നതു കൊണ്ടാണ്.
യഹൂദമതത്തിലെയും ക്രൈസ്തവ മതത്തിലേയും ഏറ്റവും വിശുദ്ധമായ സ്ഥലമാണ് ടെമ്ബിള്‍ മൗണ്ട്. അബ്രഹാമിന്റെ മകന്‍ ഇസഹാക്കിന്റെ ബലിസ്ഥലമായി യഹൂദര്‍ വിശേഷിപ്പിക്കുന്ന പ്രദേശമാണിത്. യഹൂദ, ക്രൈസ്തവ വിശ്വാസം അനുസരിച്ച്, അബ്രഹാം തന്റെ മതവും വിശ്വാസവും തെളിയിക്കാനുള്ള ദൈവത്തിന്റെ ആവശ്യപ്രകാരം മകന്‍ ഐസക്കിനെ ബലിയര്‍പ്പിക്കാന്‍ പോയി. എന്നാല്‍, ദൈവം അവനുവേണ്ടി പ്രത്യക്ഷപ്പെടുകയും അവന്റെ മകനെ മോചിപ്പിക്കുകയും ചെയ്തുവെന്നുമാണ് ഐതിഹ്യം.
അതേസമയം ടെമ്പിൾ മൗണ്ട് ഇസ്ലാമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലമായി കണക്കാക്കപ്പെടുന്നു. സൗദി അറേബ്യയിലെ മക്കയും മദീനയും കഴിഞ്ഞാല്‍ ഇസ്ലാമിന്റെ ഏറ്റവും വിശുദ്ധമായ പ്രദേശമാണിത്. ഇവിടെനിന്നാണ് പ്രവാചകന്‍ മുഹമ്മദ് സ്വര്‍ഗത്തിലേക്ക് കയറിയതെന്ന് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നു.
എ.ഡി. ഏഴാം നൂറ്റാണ്ടിലാണ് ആദ്യ മുസ്ലിം താമസക്കാര്‍ ജെറുസലേമില്‍ എത്തുന്നത്. പിന്നീട് 1917ല്‍ ബ്രിട്ടീഷുകാര്‍ കയ്യേറും വരെ അവിടം മാറിമാറി വിവിധ മുസ്ലീം രാജവംശങ്ങളുടെ അധീനതയിലായിരുന്നു. ബ്രിട്ടീഷുകാര്‍ സ്ഥലം വിട്ടതോടെ അവിടം മതപരമായി വിഭജിക്കപ്പെടുകയും ചെയ്തു.
ജറുസലേം തങ്ങളുടെ വിശ്വാസത്തിന് ഏറെ പ്രാധാന്യമുള്ളതാണെന്ന് ക്രിസ്ത്യാനികളും വിശ്വസിക്കുന്നു. ബൈബിളിലെ പഴയ നിയമത്തില്‍ വിവിധ പ്രവാചകന്മാര്‍ ഈ സ്ഥലം സന്ദര്‍ശിച്ചതായി പരാമര്‍ശിക്കുന്നുണ്ട്. പുതിയ നിയമമനുസരിച്ച് ഇവിടം യേശു സന്ദര്‍ശിച്ചതായി പറയപ്പെടുന്നു. ജെറുസലേമില്‍ ക്രിസ്തു കുഞ്ഞായിരിക്കുമ്ബോള്‍ തന്നെ എത്തിയിരുന്നു. അദ്ദേഹം ജനങ്ങളോട് സംസാരിക്കുകയും അവരെ സുഖപ്പെടുത്തുകയും ചെയ്തത് ഇവിടെവെച്ചാണെന്നും വിശ്വസിക്കപ്പെടുന്നുണ്ട്. യേശുവിനെ ക്രൂശിക്കുകയും പിന്നീട് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത സ്ഥലമാണ് ഹോളി സെപല്‍ച്ചര്‍ ചര്‍ച്ച് എന്നാണ് ക്രിസ്തുമതക്കാര്‍ വിശ്വസിക്കുന്നത്.
യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണർത്തി ക്രൈസ്തവർ ആഘോഷിക്കുന്നതാണ് ഓശാന പെരുന്നാൾ.യേശുവിന്റെ അന്ത്യ അത്താഴം (പെസഹാ) ഇവിടെ വച്ചായിരുന്നു.ശിഷ്യൻമാരുടെ കാലുകൾ യേശു കഴുകിയതും ഇവിടെ വച്ചുതന്നെ.ക്രിസ്തുവിനു ശേഷം എ.ഡി. 70ൽ ആണ് ജറുസലേം നശിപ്പിക്കപ്പെടുന്നത്.
പെസഹാ തിരുന്നാളിന് ഇസ്രയേൽ ജനം അവരുടെ ആദ്യഫലങ്ങൾ ദൈവത്തിന് കാഴ്ചയായി അർപ്പിച്ചിരുന്നതായി ബൈബിളിലെ പഴയനിയമത്തിലുള്ള പുറപ്പാട് പുസ്തകത്തിൽ കാണാം. സംഖ്യാപുസ്തകം ഏഴാം അധ്യായത്തിലും യഹൂദന്മാരുടെ പെസഹാ പെരുനാളിനെപ്പറ്റി വിവരിക്കുന്നുണ്ട്.