നാഗര്‍കോവില്‍: സ്വകാര്യ മെഡിക്കല്‍ കോളജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തു. കുലശേഖരത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലെ അനസ്തേഷ്യ വിഭാഗം എച്ച്.ഒ.ഡി. മധുര വിശാലാക്ഷിപുരം സ്വദേശി പരമശിവം (63) ആണ് അറസ്റ്റിലായത്. കോളജിലെ രണ്ടാംവര്‍ഷ എം.ഡി. വിദ്യാര്‍ഥിനിയായ തൂത്തുക്കുടി സ്വദേശിനിയുടെ മരണത്തെത്തുടര്‍ന്നാണ് അധ്യാപകന്‍ അറസ്റ്റിലായത്.
കഴിഞ്ഞ ആറിന് വിദ്യാര്‍ഥിനി ക്ലാസില്‍ വരാത്തപ്പോള്‍ അന്വേഷിച്ചെത്തിയ വിദ്യാര്‍ഥികള്‍ മുറി അടച്ചിട്ടിരിക്കുന്നതായിക്കണ്ടു. കോളജ് അധികൃതരും കുലശേഖരം പോലീസും സ്ഥലത്തെത്തി, മുറിയിലെ കതക് കുത്തിത്തുറന്നപ്പോഴാണ് വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്. മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. അതില്‍ അധ്യാപകന്‍ പരമശിവം തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി കുറിച്ചിരുന്നു. കൂടാതെ ഒരു വനിത ഉള്‍പ്പെടെ രണ്ട് സീനിയര്‍ വിദ്യാര്‍ഥികളും മാനസികമായി പീഡിപ്പിച്ചതായി രേഖപ്പെടുത്തിയിരുന്നു. കുലശേഖരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും, കസ്റ്റഡി ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചില്ല.
പോലീസിന്റെ അന്വേഷണത്തില്‍ വിവിധ സംഘടനകള്‍ അതൃപ്തി അറിയിക്കുകയും, ആത്മഹത്യാക്കുറിപ്പില്‍ ശാരീരികപീഡനം നടത്തിയതായി പറയുന്ന അധ്യാപകനെപ്പോലും അറസ്റ്റുചെയ്ത് നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകാത്തതില്‍ പ്രതിഷേധപ്രകടനങ്ങള്‍ ഉള്‍പ്പെടെയുള്ള സമരമുറകള്‍ക്കു വിവിധ സംഘടനകള്‍ തയ്യാറാകുകയും ചെയ്തു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രി പരമശിവത്തെ മെഡിക്കല്‍ കോളേജില്‍നിന്ന് കുലശേഖരം പോലീസ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് കേസന്വേഷണം സി.ബി.സി.ഐ.ഡി.ക്കു മാറ്റി. ഡിവൈ.എസ്.പി. രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ചമുതല്‍ അന്വേഷണം തുടങ്ങി. ആത്മഹത്യാക്കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു മൂന്നുപേരെയും രണ്ടുദിവസം മുമ്പ് കോളേജ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.