Fiction

അപരന്റെ വിലയിരുത്തലല്ല, സ്വയം വിലയിരുത്തലാണ് പ്രധാനം. അതാകണം ജീവിതത്തിന്റെ വഴികാട്ടി

വെളിച്ചം

ഒരു ദീർഘയാത്ര കഴിഞ്ഞ്  ആ സന്യാസി നദിയില്‍ നിന്നും വെള്ളം കുടിച്ച് നദിക്കരയിലെ കല്ലില്‍ തലവെച്ച് കിടന്ന് വിചിക്കുകയായിരുന്നു.  അപ്പോള്‍ ആ വഴി വന്ന മൂന്നുപേരില്‍ ഒരാള്‍ പറഞ്ഞു:

Signature-ad

“ഈ സന്യാസിമാര്‍ എല്ലാം ഉപേക്ഷിച്ചവരാണെന്ന് ഭാവിക്കുന്നുണ്ടെങ്കിലും തലയിണ ഉപേക്ഷിക്കാന്‍ പോലും സാധിക്കുന്നില്ല. പകരം അവര്‍ക്ക് കല്ലായാലും മതി.”

ഇത് കേട്ട സന്യാസി ആ കല്ലെടുത്ത് നദിയിലേക്കെറിഞ്ഞു. അപ്പോള്‍ രണ്ടാമന്‍ പറഞ്ഞു:

“ഒരു സന്യാസിയാണെങ്കിലും എത്രപെട്ടന്നാണ് അയാള്‍ പ്രകോപിതനായത്…?”
ഇനിയെന്ത് ചെയ്യും എന്ന് വിഷമിച്ചു നിന്ന സന്യാസിയോട് മൂന്നാമന്‍ ചോദിച്ചു:
“എന്തൊക്കെ ഉപേക്ഷിച്ചാലും സ്വന്തം മാനസികാവസ്ഥ മാറ്റാന്‍ കഴിയുന്നില്ലെങ്കില്‍ എന്തു പ്രയോജനം…?”

അര്‍ത്ഥരഹിത ജല്‍പനം ആളുകളുടെ പൊതുസ്വഭാവമാണ്. അപരന്റെ സ്വകാര്യ കാര്യങ്ങളെക്കുറിച്ച് സംശയത്തിന്റെ ആനുകൂല്യം പോലും നല്‍കാതെ അപരനെക്കുറിച്ചുള്ള അപഖ്യാതിയില്‍ രമിച്ച് മനസ്സുഖം കണ്ടെത്തുന്നത് മാനസിക വൈകല്യമാണ്. മുകളിലേക്ക് നോക്കിയാല്‍ അഹങ്കാരിയെന്നും കീഴോട്ട് നോക്കിയാല്‍ അന്തര്‍മുഖനെന്നും ചുറ്റും നോക്കിയാല്‍ അലഞ്ഞുതിരിയുന്നവനെന്നും കണ്ണടച്ചിരുന്നാല്‍ ഉറക്കംതൂങ്ങിയെന്നും മുദ്രകുത്തപ്പെടുന്ന അവസ്ഥയാണ് പലപ്പോഴും.
അത്തരക്കാരുടെ വാക്കുകള്‍ക്ക് വിലകൊടുത്താല്‍ തന്റേതായൊന്നും ചെയ്യാന്‍ കഴിയാതെ വിടവാങ്ങേണ്ടിവരും. ലോകത്തിന്റെ വിലയിരുത്തലല്ല, സ്വയം വിലയിരുത്തലാണ് പ്രധാനം.  എല്ലാവരേയും വിശ്വാസത്തിലെടുത്ത് പ്രവർത്തിച്ചാൽ ഒരു കര്‍മ്മവും പൂര്‍ത്തീകരിക്കുവാന്‍ സാധിക്കില്ല. നമ്മുടെ ചുറ്റിനും അനുകൂലവും പ്രതികൂലവുമായ കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കും. പതറാതെ തുടങ്ങുക, തുടരുക എന്നതാണ് പ്രധാനം. ചില കാര്യങ്ങൾ നമുക്ക് കേള്‍ക്കാതിരിക്കാനും പഠിക്കാം.

ശുഭദിനം.

സൂര്യനാരായണൻ

ചിത്രം: നിപു കുമാർ

Back to top button
error: