കണ്ണൂരില്‍ ബസിലിടിച്ച് മറിഞ്ഞ സിഎന്‍ജി ഓട്ടോറിക്ഷ കത്തി രണ്ടുപേര്‍ വെന്തുമരിച്ചു. തലശ്ശേരി – കൂത്തുപറമ്പ് കെഎസ്ടിപി റോഡിൽ ഇന്ന് (വെള്ളി) രാത്രി എട്ടര മണി കഴിഞ്ഞാണ് സംഭവം. അപകടത്തില്‍ ഓട്ടോയിലുണ്ടായിരുന്ന തൂവക്കുന്ന് സ്വദേശികളായ അഭിലാഷ്, ഷെജീഷ് എന്നിവരാണ് മരിച്ചത്. അഭിലാഷാണ് ഓട്ടോ ഓടിച്ചിരുന്നത്. ഷിജിൻ പിന്നിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു.
തലശ്ശേരിയിൽ നിന്ന് ഇരിട്ടിയിലേയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിന് ഇടയാക്കിയത്. തലശ്ശരിയിലേയ്ക്ക് പോവുകയായിരുന്ന സിഎൻജി ഓട്ടോ ഇടിയുടെ ആഘാതത്തിൽ തൽക്ഷണം തീപിടിച്ച് കത്തിയമർന്നു.
സിഎന്‍ജി ഓട്ടോറിക്ഷയെ എതിരെ വന്ന സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. പെട്ടെന്ന് ഓട്ടോ പൊട്ടിത്തെറിച്ചു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തീഗോളം ഉയർന്നതോടെ സമീപത്തെ കടയിലുള്ളവർ പോലും ഷോപ്പിൽ ഗ്യാസ് സിലിണ്ടറുകൾ ഉണ്ടായതിനാൽ ഭയന്ന് ഓടിപ്പോകുകയായിരുന്നു. കൂത്തുപറമ്പിൽ നിന്നെത്തിയ അഗ്നിശമന സേനാ യൂണിറ്റാണ് തീയണച്ചത്. ഡ്രൈവറും യാത്രക്കാരനും ഓട്ടോയില്‍ കുടുങ്ങിപ്പോവുകയായിരുന്നു എന്നാണ് വിവരം. ഓട്ടോറിക്ഷ മൊത്തത്തില്‍ തീപിടിച്ചതിനാല്‍ ഇരുവരെയും ഓട്ടോയില്‍ നിന്ന് പുറത്തെത്തിക്കാന്‍ നാട്ടുകാര്‍ക്ക് സാധിച്ചില്ല.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയിലെ ഇന്ധനം ചോര്‍ന്നതായിരിക്കാം പെട്ടെന്നുള്ള തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. അതേസമയം ബസ് അമിതവേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി