ജറുസലം: ഹമാസ് അപ്രതീക്ഷിത ആക്രമണത്തിലൂടെ ഇസ്രയേലില്‍ കടന്നുകയറി ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതു വരെ ഗാസയിലേക്ക് മനുഷ്യത്വപരമായ ഒരു സഹായവും നല്‍കാന്‍ അനുവദിക്കില്ലെന്ന് ഇസ്രയേല്‍. ഇസ്രയേല്‍ ഊര്‍ജമന്ത്രി ഇസ്രയേല്‍ കട്സ് ആണ് കടുത്ത നിലപാട് അറിയിച്ചത്.
”ഗാസയിലേക്ക് സഹായമോ? ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്മാര്‍ വീടുകളില്‍ തിരിച്ചെത്തുന്നതുവരെ ഒരു ഇലക്ട്രിക് സ്വിച്ചും ഓണാവില്ല, ഒരു വെള്ള ടാപ്പും തുറക്കില്ല. ഒറ്റ ഇന്ധനട്രക്കു പോലും അവിടേക്കു പ്രവേശിക്കില്ല” – കട്സ് പറഞ്ഞു.
ഹമാസ് ശനിയാഴ്ച നടത്തിയ മിന്നലാക്രമണത്തില്‍ ഇസ്രയേല്‍ പൗരന്മാരും വിദേശികളും ഉള്‍പ്പെടെ 150 പേരെ ബന്ദികളാക്കി ഗാസ മുനമ്പിലേക്കു കൊണ്ടുപോയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. ഹമാസിന്റെ ആക്രമണത്തില്‍ 1,200 പേരാണു മരിച്ചത്. ഇസ്രയേലിന്റെ തിരിച്ചടിയിലും അത്രതന്നെ പേര്‍ കൊല്ലപ്പെട്ടു.
ഗാസയെ പൂര്‍ണമായി ഒറ്റപ്പെടുത്തി കരയുദ്ധത്തിനാണ് ഇസ്രയേല്‍ നീങ്ങുന്നതെന്നാണു പ്രതിരോധവിദഗ്ധരുടെ നിഗമനം. വ്യോമാക്രമണം കടുപ്പിച്ചതിനൊപ്പം ഗാസയിലെ ജല, വൈദ്യുതി, ഇന്ധന വിതരണം നിര്‍ത്തിയിരിക്കുകയാണ്. മേഖലയിലെ ഒരോയൊരു വൈദ്യുതിനിലയം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്നു ബുധനാഴ്ച പൂട്ടിയിരുന്നു. ഇരുപതുലക്ഷത്തോളം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസ മുനമ്പില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചാല്‍ വന്‍തോതില്‍ ആളപായം ഉണ്ടാകുമെന്ന ആശങ്കയിലാണു ലോകം.