KeralaNEWS

ലുലു മാളിലെ പതാക വിവാദം: ആരോപണം അടിസ്ഥാനരഹിതമെന്ന് മാനേജ്‌മെന്റ്

കൊച്ചി: ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായി കൊച്ചി ലുലു മാളില്‍ തൂക്കിയ പതാകയുമായി ബന്ധപ്പെട്ടുള്ള പ്രചാരണം വ്യാജമെന്ന് ലുലു മാള്‍ മാനേജ്‌മെന്റ്. വസ്തുത മനസിലാക്കാതെയാണ് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിന്റെ ഉദ്ഘാടന ദിവസം ലുലു മാളില്‍ തൂക്കിയ പതാകകളില്‍ പാകിസ്ഥാന്‍ പതാകയ്ക്ക് ഇന്ത്യന്‍ പതാകയേക്കാള്‍ വലുപ്പമുണ്ടെന്നാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നത്.

ലുലു മാള്‍ മാനേജ്‌മെന്റിന്റെ വാര്‍ത്താക്കുറിപ്പ്

Signature-ad

‘ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായി കൊച്ചി ലുലു മാളില്‍ അതാതു രാജ്യങ്ങളുടെ പതാകകള്‍ ക്രിക്കറ്റ് മത്സരത്തിന്റെ ഉദ്ഘാടന ദിവസം തൂക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചില തെറ്റായ കാര്യങ്ങള്‍ യഥാര്‍ഥ വസ്തുത മനസിലാക്കാതെയാണ്. മാള്‍ ഏട്രിയത്തില്‍ (മാധ്യഭാഗത്ത്) മേല്‍ക്കൂരയില്‍നിന്ന് താഴേക്ക് ഒരേ അളവിലാണ് വിവിധ രാജ്യങ്ങളുടെ പതാകകള്‍ തൂക്കിയിരുന്നത്.

പതാകകളുടെ ചിത്രം മുകളിലത്തെ നിലയില്‍നിന്ന് പകര്‍ത്തുമ്പോള്‍, പ്രത്യേകിച്ച് പാതകയുടെ വശത്തുനിന്നു ഫോട്ടോ എടുക്കുമ്പോള്‍ അതത് വശത്തുള്ള പതാകകള്‍ക്ക് കൂടുതല്‍ വലുപ്പം തോന്നും, എന്നാല്‍ താഴെനിന്ന് ചിത്രം പകര്‍ത്തുമ്പോള്‍ എല്ലാം തുല്യ അളവിലാണെന്ന് മനസിലാവുകയും ചെയ്യും.

എന്നാല്‍, പാകിസ്ഥാന്‍ പതാകയ്ക്ക് വലുപ്പം കൂടുതലും ഇന്ത്യന്‍ പതാകയ്ക്ക് വലുപ്പം കുറവുമാണെന്നുള്ള ചില തെറ്റായ വ്യാജ പ്രചരണം സമൂഹമാധ്യമങ്ങളില്‍ നടക്കുന്നു. ഫോട്ടോ എടുത്ത വശത്തുനിന്ന് നോക്കുമ്പോള്‍ ഓരോ രാജ്യങ്ങളുടെയും പതാകയ്ക്ക് വലുപ്പം കൂടുതലായി തോന്നുന്നത് സ്വാഭാവികമാണ് എന്നിരിക്കെ, എന്നാല്‍ ഈ വസ്തുത മനസിലാക്കാതെ പാകിസ്ഥാന്‍ പതാകയ്ക്ക് വലുപ്പം പ്രചരിപ്പിക്കുന്നത് തീര്‍ത്തും തെറ്റും വ്യാജവുമാണ്. അവാസ്തവും തെറ്റിദ്ധാരണ പരത്തുന്നതുമായ വാര്‍ത്തകള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. ഇത്തരം തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പ്രചരണങ്ങളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ അഭ്യര്‍ഥിക്കുന്നു’.

 

 

Back to top button
error: