ചെന്നൈ: ബിജെപി ബന്ധം വിട്ട ശേഷം നിര്‍ണായക നീക്കവുമായി അണ്ണാഡിഎംകെ. മുസ്‌ലിം തടവുകാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം കൊണ്ടുവരും. മുസ്‌ലിം സംഘടനകളുടെ പിന്തുണ തേടിയതിന് പിന്നാലെയാണ് നീക്കം. ജീവപര്യന്തം തടവിന് ശിക്ഷിച്ച 36 മുസ്ലിം തടവുകാരെ വിട്ടയക്കണമെന്നാണ് ആവശ്യം. തടവുകാര്‍ക്കുള്ള ഇളവിന് ഇവരെയും പരിഗണിക്കണം. 1998 ലെ കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും ഇളവ് നല്‍കണമെന്നാണ് ആവശ്യം.
20-25 വര്‍ഷം വരെ തടവില്‍ കഴിയുന്നവരെ വിട്ടയക്കാനുള്ള നീക്കം തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ നടത്തിയിരുന്നു. ഇതിനായി മാര്‍ഗനിര്‍ദേശം തയ്യാറാക്കാന്‍ മുന്‍ ജഡ്ജി അധ്യക്ഷനായ സമിതിയെ തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ചില മാര്‍ഗരേഖകള്‍ മുസ്ലിം തടവുകാര്‍ക്ക് എതിരാണെന്നാണ് മുസ്ലിം സംഘടനകളുടെ വാദം. 1998 ലെ കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന 17 തടവുകാര്‍ക്ക് പുറത്തിറങ്ങാനാവാത്ത വ്യവസ്ഥകള്‍ ഇതിലുണ്ടെന്നാണ് പരാതി. 36 മുസ്ലിം തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യം മുസ്ലിം സംഘടനകള്‍ ഉന്നയിക്കുന്നതിനിടെയാണ് അണ്ണാഡിഎംകെ പ്രമേയം കൊണ്ടുവരുന്നത്.
മുസ്ലിം വോട്ട് ഉറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് അണ്ണാഡിഎംകെയുടെ നീക്കം. എടപ്പാടി പളനിസ്വാമി കഴിഞ്ഞ ദിവസം സേലത്തെ യോഗത്തില്‍ പങ്കെടുക്കവേ നിങ്ങളുടെ ആവശ്യം അംഗീകരിക്കുന്നുവെന്നും ഇനി തന്നെ പിന്തുണയ്ക്കണമെന്നും മുസ്ലിം സംഘടനകളോട് ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നിരുന്നു.
നേതാക്കള്‍ തമ്മിലുള്ള പരസ്യ വാക്‌പോരിനു പിന്നാലെയാണ് അണ്ണാഡിഎംകെ – ബിജെപി ബന്ധം വഷളായത്. തുടര്‍ച്ചയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ തങ്ങളുടെ നേതാക്കളെ അപമാനിക്കുന്നുവെന്നും ഇനിയും ഇത്തരത്തില്‍ അപമാനം സഹിക്കേണ്ട ആവശ്യമില്ലെന്നുമാണ് അണ്ണാ ഡിഎംകെ നേതാക്കള്‍ പറഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സംസ്ഥാനത്ത് എന്‍ഡിഎ സഖ്യത്തില്‍ ഭിന്നതയുണ്ടായത്.
തമിഴ്‌നാട്ടില്‍ വന്‍ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോവുകയായിരുന്നു ബിജെപി. അതിനിടെയാണ് സഖ്യം അവസാനിപ്പിച്ചെന്ന് അണ്ണാഡിഎംകെ വ്യക്തമാക്കിയത്. അപമാനം സഹിക്കേണ്ട ആവശ്യമില്ലെന്നും അണ്ണാ ഡിഎംകെ ഇല്ലെങ്കില്‍ ബിജെപിക്ക് തമിഴ്‌നാട്ടില്‍ നോട്ടയ്ക്ക് കിട്ടുന്ന വോട്ട് പോലും കിട്ടില്ലെന്നും എഐഡിഎംകെ നേതാക്കള്‍ പ്രതികരിക്കുകയുണ്ടായി.