KeralaNEWS

വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡിലെ തീപിടുത്തം: മതിയായ തീ നിയന്ത്രണ സംവിധാനങ്ങൾ ഇല്ലായിരുന്നു, തുടർപ്രവർത്തനത്തിലും ആശങ്ക

കോട്ടയം: വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡിൽ ഇന്നലെ ഉണ്ടായ തീപിടുത്തത്തിൽ പ്രതികരണവുമായി ഭരണ പ്രതിപക്ഷ യൂണിയനുകൾ. മതിയായ തീ നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാതിരുന്നതാണ് ഫാക്ടറിയുടെ പ്രവർത്തനം തന്നെ നിലച്ചു പോകും വിധമുള്ള തീപിടുത്തത്തിന് വഴിവച്ചതെന്ന് സ്ഥാപനത്തിലെ ഭരണ പ്രതിപക്ഷ യൂണിയനുകൾ കുറ്റപ്പടുത്തി. ഇന്നലെ ഉണ്ടായ തീപിടിത്തത്തിൽ പ്രധാന യന്ത്രത്തിനു തന്നെ സാരമായ നാശനഷ്ടം ഉണ്ടായതോടെ കോട്ടയം വെള്ളൂർ കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡിന്റെ തുടർ പ്രവർത്തനത്തെ കുറിച്ചും ആശങ്ക ഉയരുകയാണ്. മാതൃക പൊതുമേഖല സ്ഥാപനം എന്ന പ്രചാരണത്തോടെ പേപ്പർ ഉൽപാദനം തുടങ്ങി ഒരു വർഷം പോലും പൂർത്തിയാകും മുമ്പ് കെപിപിഎല്ലിൽ ഉണ്ടായ തീപിടുത്തം സംസ്ഥാന സർക്കാരിനും തലവേദനയായിരിക്കുകയാണ്.

പേപ്പർ പ്രിന്റ് ഉൽപ്പാദിപ്പിക്കുന്ന പ്രധാന യന്ത്രമാണ് ഇന്നലെ കത്തിപ്പോയത്. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി തുടങ്ങിയ കാലത്ത് ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഈ യന്ത്രത്തിന്റെ മുക്കാൽ പങ്കും കത്തിപ്പോയി. കത്തിയ യന്ത്രം അറ്റകുറ്റപ്പണി നടത്തി സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ കഴിയുമോ എന്ന പരിശോധനയിലാണ് കെപിപിഎൽ മാനേജ്മെന്റ. അത് സാധ്യമായില്ലെങ്കിൽ പുതിയ യന്ത്രം കൊണ്ടു വരാതെ പേപ്പർ ഉൽപാദനം നടക്കില്ല. പുതിയ യന്ത്രത്തിനാവട്ടെ കുറഞ്ഞത് അഞ്ഞൂറ് കോടി രൂപയെങ്കിലും ചെലവ് വരികയും ചെയ്യുമെന്ന് ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.

Signature-ad

നിരന്തരം പരാതി ഉന്നയിച്ചിട്ടും തീപിടുത്ത പ്രതിരോധത്തിനുള്ള സാമഗ്രികൾ സ്ഥാപിക്കാതിരുന്നതാണ് തീപിടുത്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് സ്ഥാപനത്തിലെ സിഐടിയു, ഐഎൻടിയുസി യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തി. ഉദ്ഘാടന സമയത്ത് സർക്കാർ പറഞ്ഞത്ര തൊഴിലാളികളെ നിയമിക്കാതിരുന്നതും അപകടത്തിന്റെ ആഘാതം ഉയർത്തിയെന്നും ആരോപണം ഉണ്ട്.

എന്നാൽ ഈ ആരോപണങ്ങൾ നിഷേധിക്കുകയാണ് മാനേജ്മെന്റ്. തീപിടുത്തത്തെ തുടർന്നുള്ള പ്രശ്നങ്ങൾ വേഗം പരിഹരിക്കുമെന്ന ആത്മവിശ്വാസവും മാനേജ്മെന്റ് പങ്കുവച്ചു. പൊതുമേഖലാ വ്യവസായങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രചാരണത്തിന്റെ മുഖമുദ്രയായി ഇടതു സർക്കാർ ഉയർത്തിക്കാട്ടിയ സ്ഥാപനത്തിന്റെ തുടർപ്രവർത്തനത്തെ കുറിച്ചു തന്നെ ആശങ്കകൾ ഉയർത്തുന്ന തരത്തിലുള്ള തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. സർക്കാർ വലിയ അവകാശവാദങ്ങൾ ഉയർത്തുമ്പോഴും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയായിരുന്നു ഇത്ര നാളും ഫാക്ടറി പ്രവർത്തിച്ചിരുന്നതെന്ന തൊഴിലാളികളുടെ വെളിപ്പെടുത്തലും ഗൗരവതരമാണ്.

Back to top button
error: