എറണാകുളം: ഗോതുരുത്ത് കടല്‍വാതുരുത്തില്‍ അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരിക്കാന്‍ കാരണം അശ്രദ്ധമായ ഡ്രൈവിങ് ആണെന്ന് മോട്ടോര്‍ വാഹന വകുപ്പ്.
ദേശീയപാതയിലൂടെ വന്ന കാര്‍ ലേബര്‍ കവലയില്‍ നിന്ന് വലത്തോട്ടു തിരിഞ്ഞ് കടല്‍വാതുരുത്തില്‍ എത്തിയെന്ന് സംഘത്തിലുണ്ടായിരുന്ന രക്ഷപ്പെട്ട യുവതി പോലീസിനു നല്കിയ മൊഴി തെറ്റാണെന്നും കണ്ടെത്തി. ചേന്ദമംഗലം-വടക്കുംപുറം-ഗോതുരുത്ത് വഴിയാണ് ഇവര്‍ കടല്‍വാതുരുത്തില്‍ എത്തിയത്. ഹോളിക്രോസ് കവലയില്‍നിന്ന് ഇടത്തോട്ട് പോകാതെ നേരെ കടല്‍വാതുരുത്ത് കടവിലെ റോഡിലേക്ക് കയറുകയായിരുന്നു.
യുവതിക്കും വാഹനം ഓടിച്ച ഡോ. അദ്വൈതിനും വഴി കൃത്യമായി അറിയില്ലായിരുന്നു. അപകടം നടന്ന കടല്‍വാതുരുത്ത് കടവും ഡോക്ടര്‍മാര്‍ സഞ്ചരിച്ചിരുന്ന കാറും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
മേഖലയിലെ ദിശാബോര്‍ഡുകളും ഗൂഗിള്‍ മാപ്പും ശ്രദ്ധിക്കാതെ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടത്തിനു വഴിവെച്ചത്. വാഹനത്തിന് തകരാറുകള്‍ ഉണ്ടായിരുന്നില്ല. സുരക്ഷയുടെ ഭാഗമായി പുഴയുടെ സമീപം റോഡ് അവസാനിക്കുന്നിടത്ത് 25 മീറ്റര്‍ മുന്‍പെങ്കിലും ബാരിക്കേഡ് െവക്കണമെന്ന് പി.ഡബ്ല്യു.ഡി.യോടും ചേന്ദമംഗലം പഞ്ചായത്തിനോടും ആവശ്യപ്പെടുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്കിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. വിനോദ്കുമാര്‍ പറഞ്ഞു.
കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിയുടെ എ.ആര്. സൂപ്പര്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍മാരായ അജ്മല്‍ ആസിഫും അദ്വൈതുമാണ് കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 12.30-നുണ്ടായ അപകടത്തില്‍ മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന മൂന്നു പേരെ രക്ഷപ്പെടുത്തിയിരുന്നു.
ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്തതാണ് അപകടത്തിനു വഴിവെച്ചതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം ഉണ്ടായെങ്കിലും അപകടത്തിനു കാരണം ഗുഗിള്‍ മാപ്പ് അല്ലെന്ന് കഴിഞ്ഞ ദിവസംതന്നെ വടക്കേക്കര പോലീസ് വ്യക്തമാക്കിയിരുന്നു.