KeralaNEWS

കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ ഓഗസ്റ്റ് 29ന് വിവിധ സമയങ്ങളില്‍ ഉണ്ടായിരുന്ന എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഒരു നിപ കേസ് കൂടി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് സംസ്ഥാന ആരോഗ്യ വകുപ്പ്. നിപ ബാധിച്ച് ആദ്യം മരിച്ചയാളുമായി നേരിട്ട് സമ്പർക്കം ഉള്ള 39 വയസുകാരനാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം ചെറുവണ്ണൂർ സ്വദേശിയാണ്. ആശുപത്രിയിൽ വെച്ചായിരുന്നു ഇദ്ദേഹത്തിന് രോഗിയുമായി സമ്പർക്കമുണ്ടായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു.

ആദ്യത്തെ വ്യക്തിയുടെ ഹൈ റിസ്‍ക് കോൺടാക്ടിൽ ഉള്ള എല്ലാവരെയും പരിശോധിക്കാനാണ് നിലവിൽ ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇവർക്ക് രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും പരിശോധിക്കും. കഴിഞ്ഞ ദിവസം നിപ പോസിറ്റീവായ ആരോഗ്യ പ്രവർത്തകന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചയാളിനും മറ്റ് ലക്ഷമങ്ങളൊന്നുമില്ല. ചികിത്സയിലുള്ള ഒൻപത് വയസുകാരൻ വെന്റിലേറ്ററിൽ ആണെങ്കിലും ആരോഗ്യ നില ഇപ്പോൾ സ്റ്റേബിൾ ആണെന്നും മന്ത്രി വീണാജോ‍ർജ് പറഞ്ഞു.

Signature-ad

അതേസമയം കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ഓഗസ്റ്റ് 29ന് വിവിധ സമയങ്ങളിൽ ഉണ്ടായിരുന്ന എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിപ കൺട്രോൾ സെല്ലുമായി ബന്ധപ്പെടണമെന്ന് ആധികൃതർ അറിയിച്ചു.

ക്യാഷ്വാലിറ്റി എമർജൻസി പ്രയോരിറ്റി – 1ൽ 2023 ഓഗസ്റ്റ് 29ന് പുലർച്ചെ രണ്ട് മണി മുതൽ മൂന്ന് വരെ ഉണ്ടായിരുന്നവരും
ക്യാഷ്വാലിറ്റി എമർജൻസി പ്രയോറിറ്റി – 1നും പ്രയോറിറ്റി – 2നും പൊതുവായ ഇടനാഴിയിൽ 2023 ഓഗസ്റ്റ് 29ന് പുലർച്ചെ മൂന്ന് മണി മുതൽ നാല് മണി വരെ ഉണ്ടായിരുന്നവരും.

എം.ഐ.സി.യു – 2ന് പുറത്തുള്ള കാത്തിരിപ്പ് കേന്ദ്രത്തിൽ 2023 ഓഗസ്റ്റ് 29ന് പുലർച്ചെ 3.45 മുതൽ 4.15 വരെ ഉണ്ടായിരുന്നവരും
2023 ഓഗസ്റ്റ് 29ന് പുലർച്ചെ .45ന് ശേഷം എം.ഐ.സി.യു -2ൽ അഡ്‍മിറ്റ് ആയ എല്ലാ രോഗികളും
മുകളിൽ പറ‌ഞ്ഞ തീയ്യതിയിലും സമയങ്ങളും ഇപ്പറഞ്ഞ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ നിപ കൺട്രോൾ സെല്ലിന്റെ ഈ നമ്പറുകളിൽ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്: 0495 2383100, 2383101, 2384100, 2384101, 2386100

അതേസമയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൊബൈൽ ലാബ് കോഴിക്കോട് എത്തി പ്രവർത്തന സജ്ജമായിട്ടുണ്ട്. 192സാംപിളുകൾ ഒരേ സമയം പരിശോധിക്കാൻ ഈ ലാബിന് സാധിക്കും. രോഗബാധ കണ്ടെത്തിയാൽ സ്ഥിരീകരിക്കാനുള്ള പരിശോധന പൂനെയിൽ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തും. രോഗം സ്ഥിരീകരിച്ച വ്യക്തികളുടെ സമ്പർക്ക പട്ടികയിൽ പെട്ട ആളുകൾ ടെസ്റ്റ്‌ ചെയ്ത് നെഗറ്റീവ് ആണെങ്കിലും നിരീക്ഷണത്തിൽ തുടരണമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

Back to top button
error: