KeralaNEWS

കരുവന്നൂർ, പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുകൾ ഒറ്റപ്പെട്ട സംഭവങ്ങൾ; സഹകരണ ബാങ്കുകളിൽ ക്രമക്കേട് കണ്ടെത്തിയാൽ ഉടനടി നടപടി മന്ത്രി വിഎൻ വാസവൻ

തിരുവനന്തപുരം: കരുവന്നൂർ, പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുകൾ ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ. സഹകരണ നിയമ ഭേദഗതി ബില്ല് നിയമസഭ പാസാക്കിയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകളിൽ ക്രമക്കേട് കണ്ടെത്തിയാൽ ഉടനടി നടപടിയുണ്ടാകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. മാത്യു കുഴൽനാടന്റെ സഭയിലെ കരുവന്നൂർ പരാമർശത്തിൽ സ്പീക്കർ റൂളിംഗ് നടത്തിയതിനാൽ കൂടുതൽ പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എസി മൊയ്തീനെ ചോദ്യം ചെയ്തോട്ടെയെന്നും ഇഡി കേസിൽ പലർക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ തട്ടിപ്പിൽ എസി മൊയ്‌തീൻ സഹായിച്ചെന്ന ഇടനിലക്കാരന്റെ മൊഴിയെ കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ലെന്നും താനൊന്നും കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

സഹകരണ ഭേദഗതി ബിൽ തയ്യാറാക്കിയത് 18 സിറ്റിങ്ങിന് ശേഷമാണെന്ന് മന്ത്രി വിശദീകരിച്ചു. സഹകരണ ബാങ്കുകളിൽ ക്രമക്കേട് തടയുന്നതിന് സമയബന്ധിത പരിശോധ നടത്തും. ഇനി ടീം ഓഡിറ്റ് മാത്രമേ നടത്തൂവെന്നും സ്ഥിരം സംഘം ഒരേ സഹകരണ സംഘത്തിൽ ഓഡിറ്റിങ് നടത്തില്ലെന്നും മന്ത്രി അറിയിച്ചു. ബാങ്കുകളിൽ ക്രമക്കേട് കണ്ടെത്തിയാൽ വിജിലൻസ് അന്വേഷണം നടത്തും. സഹകരണ സംഘം ജീവനക്കാരുടെയും സഹകാരികളുടെയും ബാധ്യത എത്രയുണ്ടെന്ന് വാർഷിക പൊതുയോഗത്തിൽ വ്യക്തമാക്കണമെന്ന് പുതിയ ബില്ല് നിഷ്കർഷിക്കുന്നു.

സഹകരണ ബാങ്ക് ജീവനക്കാരുടെയും സഹകാരികളുടെയും കുടുംബത്തിൽ ഉള്ളവരും അടുത്ത ബന്ധുക്കളും സാമ്പത്തിക ബാധ്യത അറിയിക്കണം. പുതിയ സഹകരണ നിയമത്തിന്റെ ചട്ടത്തിന് ഉടൻ രൂപം നൽകുമെന്ന് അറിയിച്ച മന്ത്രി ഇതിനായി സഹകരണ രജിസ്ട്രാർ അധ്യക്ഷനായി ഏഴംഗ സമിതിയെ നിയോഗിച്ചുവെന്നും വ്യക്തമാക്കി.

Back to top button
error: