FeatureNEWS

സംസാരിക്കുന്ന ഭാഷ മുതൽ കഴിക്കുന്ന ഭക്ഷണത്തിൽ വരെ വ്യത്യാസം; പോകാം പാലക്കാട്ടേക്ക്

രു കാലത്ത് കേരളത്തിന്റെ നെല്ലറയായിരുന്ന ഇടം….കാലം മാറ്റങ്ങൾ ഒട്ടേറെ വരുത്തിയിട്ടുണ്ടെങ്കിലും ആ പഴയ തനിമയും സൗന്ദര്യവും ഇന്നും മായാതെ സൂക്ഷിക്കുന്ന നാടാണ് പാലക്കാട്. സംസാരിക്കുന്ന ഭാഷ മുതൽ കഴിക്കുന്ന ഭക്ഷണത്തിൽ വരെ വ്യത്യാസം കാണുന്ന ഈ നാട് എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.
 കോട്ട മുതൽ അങ്ങ് വാളയാർ ചുരം വരെ കിടക്കുന്ന പാലക്കാട്ടെ കാഴ്ചകൾ കണ്ടു തീർക്കുക എന്നത് ഒരൊന്നൊന്നര പണി തന്നെയാണ്.എങ്കിലും
പാലക്കാടൻ കാഴ്ചകളില്‍ ഒരിക്കലും വിട്ടുപോകരുതാത്ത കുറച്ചിടങ്ങൾ പരിചയപ്പെടാം….
പാലക്കാട് കോട്ട

പാലക്കാടിനെ കാണാനുള്ള യാത്രയിൽ ആദ്യത്തെ സ്റ്റോപ്പ് പാലക്കാട് കോട്ട തന്നെയാണ്. നഗരത്തിനു ഒത്ത നടുവിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ട ഹൈദരലിയാണ് നിർമ്മിച്ചതെങ്കിലും അറിയപ്പെടുന്നത് ടിപ്പു സുൽത്താന്‍റെ പേരിലാണ്. വീരകഥകളുടെ പേരിൽ പ്രശസ്തമായ ഈ കോട്ട ഇന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ്.

പറമ്പിക്കുളം വന്യജീവി സങ്കേതം

പറമ്പിക്കുളം അണക്കെട്ടിനു ചുറ്റുമായി സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം വന്യജീവി സങ്കേതമാണ് ഇവിടുത്തെ അടുത്ത പ്രധാനപ്പെട്ട സ്ഥലം. പക്ഷേ, പാലക്കാട് നിന്നും 90 കിലോമീറ്റർ അകലെയാണ് എന്നതാണ് ഈ സ്ഥലത്തിന്റെ പ്രധാന പോരായ്മ. കൃത്യമായ തയ്യാറെടുപ്പുകളോടെയും പ്ലാനിങ്ങോടെയും വരുന്നവർക്ക് മാത്രമേ ഇവിടം സന്ദർശിക്കാനാവൂ. കേരളത്തിലെ രണ്ടാമത്തെ കടുവാ സംരക്ഷണ കേന്ദ്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

മലമ്പുഴ ഡാം
Signature-ad

ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു മലമ്പുഴ ഡാമും പരിസരവും. സ്കൂൾ കോളേജ് വിനോദയാത്രകളുടെ പ്രധാന ഇടങ്ങളിലൊന്നായി്രുന്ന മലമ്പുഴയ്ക്ക് ഇടക്കാലത്തു വെച്ച് പഴയ പ്രതാപമെല്ലാം നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും മടങ്ങിവരവിന്റെ പാതയിലാണ് ഇവിടം.
മലന്പുഴ ഡാം, പാർക്ക്, ഉദ്യാനം, ഫാന്റസി പാർക്ക്, സൈക്ലിങ് തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

കവ

പാലക്കാടിന്റെ അധികമാരും അറിയാത്ത ഇടങ്ങളിലൊന്നാണ് കവ. മഴയുടെ സൗന്ദര്യം ഏറ്റവും അധികം ആസ്വദിക്കുവാൻ പറ്റിയ ഒരിടമായ കവ മലമ്പുഴയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. റിസർവ്വ് ഫോറസ്റ്റിലൂടെയുള്ള യാത്രയും കോടമഞ്ഞ് ഇറങ്ങി വരുന്ന മലകളും വലിയ കല്ലിൻകൂട്ടങ്ങളും ഒക്കെയായുള്ള ഇവിടം മണിക്കൂറുകൾ കൊണ്ട് കറങ്ങിത്തീർക്കുവാൻ പറ്റും. പശ്ചിമഘട്ടത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടുത്തെ കാഴ്ചകൾ കാണാൻ കവ വ്യൂ പോയിൻറിൽ പോകാം.

നെല്ലിയാമ്പതി

പാവപ്പെട്ടവരുടെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലമാണ് നെല്ലിയാമ്പതി. പാലക്കാട് ടൗണിൽ നിന്നും 60 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം പാലക്കാടിൻരെ മൂന്നാറാണ്. തേയിലയും കാപ്പിയും ഒക്കെ കൃഷി ചെയ്യുന്ന ഇവിടം നിത്യഹരിത വനമേഖലയാണ്.

പോത്തുണ്ടി ഡാം

പാലക്കാടൻ കാഴ്ചകളിൽ പ്രധാനപ്പെട്ട ഒരിടമാണ് പോത്തുണ്ടി ഡാമും പരിസരവും. നെല്ലിയാമ്പതിയോട് കുറച്ച് അടുത്തു സ്ഥിതി ചെയ്യുന്ന ഇവിടം പാലക്കാട് നിന്നും 42 കിലോമീറ്റർ അകലെയാണ്. ഇന്ത്യിലെ മണ്ണുകൊണ്ടുണ്ടാക്കിയ അണക്കെട്ടുകളിൽ ഏറ്റവും വലിയ അണക്കെട്ടുകൂടിയാണ് പോത്തുണ്ടി അണക്കെട്ട്.

നെന്മാറ

നെല്ലിയാമ്പതിയുടെ കവാടം എന്നറിയപ്പെടുന്ന നെന്മാറ ചിറ്റൂർ താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. പോത്തുണ്ടിയിൽ നിന്നും ഒൻപത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുനന് ഇവിടം നെന്മാറ വേലകളിക്ക് പേരുകേട്ടതാണ്.

കൊല്ലങ്കോട്

നെൽവയലുകളുടെ പച്ചപ്പരപ്പ്, പാടവരമ്പുകളിൽ പീലി വിരിച്ചതുപോലെ തെങ്ങുകളും കരിമ്പനകളും, ഓല മേഞ്ഞ പുരകൾ, ഇല്ലിയും പൂച്ചെടികളും കൊണ്ട് തീർത്ത വേലിക്കെട്ട്… സഞ്ചരിക്കുന്ന വാഹനം ടൈം മെഷീൻ ആണോ എന്നു സഞ്ചാരികൾക്കു തോന്നിപ്പിക്കുന്ന പാലക്കാടൻ ഗ്രാമക്കാഴ്ചകൾ. ഇന്നലെകളിലെ കേരളത്തിന്റെ ഗ്രാമത്തനിമ ഇന്നും നിലനിർത്തുന്ന കൊല്ലങ്കോട് ഇന്ത്യയിലെ ഏറ്റവും സുന്ദരമായ പത്തു ഗ്രാമങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടത് ഈ‌ അടുത്ത കാലത്താണ്.

മുതലമട

കേരളത്തിന്റെ മാംഗോ സിറ്റിയാണ് മുതലമട. സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നും ഇത് തന്നെ. ജലസേചനത്തിനായി ഉപയോഗിക്കുന്ന അഞ്ച് ഡാമുകളുണ്ട്. ഒരു യാത്രാമൊഴി, വെട്ടം, മേഘം തുടങ്ങി ധാരാളം സിനിമകളുടെ ചിത്രീകരണം നടന്ന ഒരു റെയിൽവേ സ്റ്റേഷനും മുതലമടയിലുണ്ട്.

മണിരത്നത്തിന്റെയും പ്രിയദർശന്റെയുമെല്ലാം സിനിമകളുടെ ലൊക്കേഷനായ ഈ ഗ്രാമീണ റെയിൽവേ സ്റ്റേഷൻ പാലക്കാട് ജില്ലയിലെ കേരളത്തിന്റെ അതിർത്തി ഗ്രാമമായ മുതലമടയിലാണ്.അല്ലെങ്കിൽ പാലക്കാട് പൊള്ളാച്ചി റൂട്ടിൽ കേരളത്തിലെ അവസാനത്തെ റെയിൽവേ സ്റ്റേഷൻ. മുപ്പതോളം സിനിമകൾ ചിത്രീകരിച്ച ഒരു റെയിൽവേ സ്റ്റേഷൻ കൂടിയാണിത്.

പശ്ചിമഘട്ടത്തിന്റെ താഴ്വാരത്ത് നെല്ലിയാമ്പതി മലനിരകൾക്ക് കീഴിൽ ഉയർന്നു നിൽക്കുന്ന ആൽമരങ്ങൾ. അതിൽ നിന്നും താഴേക്കിറങ്ങി നിലത്ത് മുട്ടിനിൽക്കുന്ന വേരുകൾ. അവയ്ക്കിടയിൽ പടർന്നുപിടിച്ച തണലിൽ യാത്രികർക്കായുള്ള നീളൻ ബെഞ്ചുകൾ. കുരുവികളും അണ്ണാനും മയിലുകളും ദൃശ്യവിരുന്നൊരുക്കുന്ന പ്ലാറ്റ്‌ഫോം. പ്ലാറ്റ്‌ഫോമുകൾക്കിരുവശവും പാലക്കാൻ ഗ്രാമങ്ങളുടെ പ്രതീകമായ കരിമ്പനകൾ.അതെ കാഴ്ചഭംഗിയുടെ തലയെടുപ്പോടെ മുതലമട സ്റ്റേഷൻ ഇന്നും വേറിട്ടു നിൽക്കുന്നു.
അട്ടപ്പാടി
മണ്ണാർക്കാട് നിന്നും ചുരം കയറി അട്ടപ്പാടിയിൽ ചെന്നാൽ കാണാനൊരുപാടുണ്ട്.നെല്ലിപ്പുഴയുടെ അരികു ചേർന്ന പട്ടണമാണ് മണ്ണാർക്കാട്.മുക്കാലിയും താവളവും പുതൂരും പിന്നിട്ട് അട്ടപ്പാടിയുടെ കാഴ്ചകളിലൂടെ ‘മുള്ളി’ റോഡിലേക്ക് തിരിഞ്ഞാൽ ഊട്ടിക്കുള്ള എളുപ്പവഴിയായി.
അട്ടപ്പാടി ചുരം കയറി പോകുന്ന യാത്രയിൽ മല്ലീശ്വരക്ഷേത്രം  സന്ദർശിക്കാം. തുടർന്ന് ബൊമ്മിയംപാടി കൃഷ്ണവനം കണ്ട് അവിടുന്ന് നേരെ മേലേ മുള്ളി ആദിവാസി കോളനിയിലേക്ക് പോകാം.അയ്യപ്പനും കോശിയും എന്ന സിനിമയുടെ ചിത്രീകരണം നടന്ന കോട്ടത്തറ ഉൾപ്പടെയുള്ള സ്ഥലങ്ങൾ ഇവിടെയാണ്.
കൽപ്പാത്തി ക്ഷേത്രം

പാലക്കാടിന്റെ പാരമ്പര്യങ്ങളിലൂടെ ഒരു യാത്ര ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടമാണ് കൽപ്പാത്തിയിലെ ക്ഷേത്രങ്ങളും അഗ്രഹാരവും ഒക്കെ. തെക്കൻ കാശി എന്നറിയപ്പെടുന്ന കൽപ്പാത്തി കേരളത്തിലെ ആദ്യകാല ബ്രാഹ്മണ കുടിയേറ്റം നടന്ന സ്ഥലങ്ങളിലൊന്നു കൂടിയാണ്. തമിഴ്ബ്രാഹ്മണർ കൂടുതലായി താമസിക്കുന്ന ഇവിടം പാലക്കാട്
നിന്നും മൂന്നു കിലോമീറ്റർ മാത്രം അകലെയുള്ള ഇടമാണ്.
കല്‍പ്പാത്തിയിലെ ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് ലോകപ്രശസ്തമായ കല്‍പ്പാത്തി രഥോത്സവം നടക്കുന്നത്. 700 വര്‍ഷം പഴക്കമുണ്ട് ഈ ക്ഷേത്രം കേരളത്തിലെ പഴക്കം ചെന്ന ശിവക്ഷേത്രങ്ങളിലൊന്നാണ്. ശിവനെയും പത്‌നി പാര്‍വ്വതിയെയുമാണ് വിശ്വനാഥനും വിശാലാക്ഷിയുമായി ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

Back to top button
error: