തിരുവനന്തപുരം: കാരക്കോണത്ത് വീടുകയറി ആക്രമണമെന്ന് പരാതി. വിവാഹത്തിന്റെ പാചകം അയല്‍വാസിയെ ഏല്‍പ്പിക്കാത്തതിന്റെ വിരോധത്തിലാണ് വീടുകയറി ആക്രമണം നടത്തിയത്. കാരക്കോണം കണ്ടന്‍ചിറ സ്വദേശി ബിജുവിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ വെള്ളറട പോലീസ് കേസെടുത്തിട്ടുണ്ട്.
അയല്‍വാസിയായ മഹേഷിന്റെ നേതൃത്വത്തില്‍ ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. ആക്രമണം തടയാനെത്തിയ ബിജുവിനെയും ഭാര്യയെയും അക്രമി സംഘം മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. വീടിന്റെ ജനല്‍ ചില്ലുകളും ചെടിച്ചട്ടികളും അടിച്ചു തകര്‍ത്തു.
അതേസമയം, കിളിമാനൂരില്‍ പരസ്പരം വീടുകയറി ആക്രമണം നടത്തിയ അയല്‍വാസികള്‍ പിടിയില്‍. അയല്‍വാസികള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ചിന്ത്രനെല്ലൂര്‍ സ്വദേശികളായ സജീവ്, സഹോദരന് രാജീവ്, ലാലു എന്നിവരെയാണ് കിളിമാനൂര്‍ പൊലീസ് പിടികൂടിയത്.
അയല്‍വാസികളായ ലാലുവിന്റെയും സജീവിന്റേയും കുടുംബങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമാണ് പരസ്പരം വീട് കയറി ആക്രമിക്കാന്‍ പ്രതികളെ പ്രേരിപ്പിച്ചത്. അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട കോടതിയില്‍ കേസും നടക്കുന്നുണ്ട്. അതിനിടെയാണ് സജീവും സഹോദരന് രാജീവും ചേര്‍ന്ന് ലാലുവിന്റെ വീട് ആക്രമിക്കുന്നത്. വീട്ടിലുണ്ടായിരുന്നവരെ അസഭ്യം പറയുകയും ചെയ്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഇതിന്റെ വൈരാഗ്യത്തിലാണ് അടുത്ത ദിവസം പുലര്‍ച്ച ലാലു സജീവിന്റെ വീട് ആക്രമിക്കുന്നത്. മാരകായുധങ്ങളുമായി എത്തിയ ലാലു സജീവിനെയും ആക്രമിച്ചു. തുടര്‍ന്നാണ് ഇരു വിഭാഗങ്ങളും കിളിമാനൂര്‍ പൊലീസിന് പരാതി നല്‍കിയത്. പിന്നാലെ പൊലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.