ജിദ്ദ: ജിദ്ദയിലേക്ക് പുറപ്പെട്ട ഫ്‌ലൈനാസ് വിമാനത്തിന്റെ എഞ്ചിനിൽ തീപ്പൊരിയുണ്ടായതോടെ വിമാനം അടിയന്തരമായി നിലത്തിറക്കി. തുർക്കിയിലെ ട്രാബ്‌സോണിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്. ബുധനാഴ്ച രാത്രി തുർക്കിയിലെ ട്രാബ്‌സോണിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനമാണിത്. പറന്നുയർന്ന ഉടനെ വിമാനത്തിന്റെ വലത് എഞ്ചിന്റെ ഭാഗത്ത് വലിയ ശബ്ദവും തീപ്പൊരിയും ഉണ്ടാകുകയായിരുന്നു.
ഇതോടെ വിമാനം തിരികെ ട്രാബ്‌സോൺ എയർപോർട്ടിലേക്ക് തന്നെ തിരിച്ച് വിടുകയും സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു. എന്നാൽ എഞ്ചിനിൽ പക്ഷി ഇടിച്ചതാണ് തീപ്പൊരിക്ക് കാരണമായതെന്ന് ഫ്‌ലൈനാസ് വിശദീകരിച്ചു. സുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ട്രാബ്‌സോൺ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം കരിങ്കടലിന് മുകളിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് എഞ്ചിനിൽ പക്ഷി ഇടിച്ചത്.