തിരുവനന്തപുരം: മകന്റെ ചിത്രത്തിനൊപ്പം ആദരാഞ്ജലികൾ എന്നെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ആ അമ്മയുടെ കണ്ണിൽപ്പെട്ടത് പാതിരാവ് കഴിഞ്ഞപ്പോഴായിരുന്നു. ഒന്നുറക്കെ നിലവിളിക്കാൻ പോലുംകഴിയാതെ സ്തബ്ധയായ അമ്മ ആരെയും ഉണർത്താതെ മരണത്തിന്റെ കിണറാഴത്തിലേക്കു പോയി.
തിരുവനന്തപുരം വെള്ളൂർക്കോണം ഗവ. എൽ.പി.സ്കൂൾ അധ്യാപികയായ ഷീജാബീഗമാണ്
മകന്റെ മരണവിവരമറിഞ്ഞ് കിണറ്റിൽച്ചാടി ജീവനൊടുക്കിയത്.
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിനകത്തുണ്ടായ വാഹനാപകടത്തിൽ മകൻ സജിൻ മുഹമ്മദിനു പരിക്കു പറ്റിയെന്നു മാത്രമാണ് നെടുമങ്ങാട് വെള്ളൂർക്കോണം ഗവ. എൽ.പി.സ്കൂൾ അധ്യാപികയായ ഷീജാബീഗത്തെ അറിയിച്ചിരുന്നത്.ഇവരെ കഴക്കൂട്ടം ആമ്പല്ലൂരിലെ കുടുംബവീട്ടിലാക്കിയശേഷം ഭർത്താവ് സുലൈമാനും ബന്ധുക്കളും വയനാട്ടിലേക്കു യാത്രതിരിക്കുകയും ചെയ്തു.
രാത്രിയിൽ കൺചിമ്മാതെയിരുന്ന് ഫോണിൽ അപകടത്തിന്റെ വാർത്ത വല്ലതും ഉണ്ടോന്നു തിരഞ്ഞിരുന്ന ഷീജയുടെ മുന്നിലേക്കാണ് ഇടിത്തീപോലെ മകന്റെ മരണവിവരം എത്തുന്നത്.ഫേസ്ബുക്കിൽ ‘ആദരാഞ്ജലികൾ’ എന്ന കുറിപ്പോടെ.അടുത്തനിമിഷം ഇളയ മകൾ സിയാനയെപ്പോലും ഉണർത്താതെ രാത്രി ഒന്നരയോടെ ഇവർ വീടിന്റെ തൊട്ടു മുൻപിലുള്ള കിണറ്റിലേക്കു ചാടുകയായിരുന്നു.
ഷീജാബീഗത്തിന്റെ മാതാവ് ആരിഫാബീവിയും സഹോദരൻ ഷാജഹാനും കുടുംബവുമാണ് കുടുംബവീട്ടിൽ താമസം.ഉറങ്ങാൻ കിടന്ന ഷീജയെ കാണാതായതു ശ്രദ്ധയിൽപ്പെട്ട ഷാജഹാനും ബന്ധുക്കളും തിരച്ചിൽ നടത്തിയപ്പോഴാണ് കിണറിന്റെ ഇരുമ്പുമറ മാറ്റിയതായി കണ്ടത്.ഇതോടെ ഷീജ കിണറ്റിൽ ചാടിയതാണെന്ന സംശയത്തിൽ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി ഷീജയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മകന്റെ മരണവിവരമറിഞ്ഞ് വയനാട്ടിലേക്കു യാത്രചെയ്യുകയായിരുന്ന സുലൈമാനെ ഉലച്ചുകൊണ്ട് നേരം പുലരുംമുൻപുതന്നെ ഭാര്യയുടെ മരണവിവരവുമെത്തി.
മകന്റെ അപകടവിവരം അറിഞ്ഞ് അധ്യാപകദിനമായിരുന്ന ചൊവ്വാഴ്ച സ്കൂളിലെ ആദരിക്കൽ ചടങ്ങുകൾക്കിടയിൽനിന്നാണ് സുലൈമാൻ, ഷീജാബീഗത്തെ കൂട്ടിക്കൊണ്ടുപോയത്. മകന്റെ മരണവിവരം സുലൈമാൻ മകളെയും അറിയിച്ചിരുന്നില്ല. 20 വർഷമായി ഷീജാബീഗം ഈ വിദ്യാലയത്തിലെ അധ്യാപികയാണ്. ജോലി കിട്ടി ഇവിടെയെത്തിയ ശേഷമാണ് സ്കൂളിനു സമീപത്തായി സ്ഥലംവാങ്ങി വീടുെവച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സജിൻ മുഹമ്മദിന്റെ അപകടമരണം.സജിൻ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെവന്ന ജീപ്പിൽ തട്ടി മറിഞ്ഞായിരുന്നു അപകടം.വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിനകത്തായിരുന്നു സംഭവം.യൂണിവേഴ്സിറ്റി പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർഥിയും തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂർകോണം ‘അറഫ’യിൽ സുലൈമാന്റെ മകനുമായ സജിൻ മുഹമ്മദ്(28) ആണ് മരിച്ചത്.എം.വി.എസ്.സി അവസാന വർഷ വിദ്യാർഥിയായിരുന്നു.