ബംഗളൂരു: ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഭാഗമായ പ്രഗ്യാന്‍ റോവര്‍ സ്ലീപ്പ് മോഡില്‍ പ്രവേശിച്ചതായി ഐഎസ്ആര്‍ഒ. ചന്ദ്രനിലെ പകല്‍ കഴിഞ്ഞ് സൂര്യപ്രകാശം നഷ്ടമായതിനാലാണിത്. റോവറിലെ പേലോഡുകളുടെ പ്രവര്‍ത്തനവും നിലച്ചു. റോവര്‍ ശേഖരിച്ച വിവരങ്ങള്‍ ലാന്‍ഡര്‍ സ്വീകരിച്ച് ഭൂമിയിലേയ്ക്ക് അയച്ചു.
സൂര്യപ്രകാശത്തിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന റോവര്‍ അടുത്ത സൂര്യോദയം വരെ സ്ലീപ്പ് മോഡില്‍ തുടരും. സെപ്റ്റംബര്‍ 22ന് അടുത്ത പകലിന്റെ ആരംഭമാകും. അതുവരെയുള്ള കനത്ത ശൈത്യത്തെ അതിജീവിച്ചാല്‍ റോവര്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായേക്കും. ദക്ഷിണ ധ്രുവത്തില്‍ കഴിഞ്ഞ രണ്ടാഴ്ച പകലായിരുന്നെങ്കില്‍ ഇനിയുള്ള രണ്ടാഴ്ച രാത്രിയാണ്.
ഐഎസ്ആര്‍ഒ മൂന്‍കൂട്ടി നിശ്ചയിച്ച അത്രയും ദിവസം പ്രഗ്യാന്‍ റോവര്‍ ചാന്ദ്രോപരിതലത്തില്‍ ചെലവിട്ട് കഴിഞ്ഞു. ഇതിനോടകം തന്നെ 100 മീറ്ററാണ് റോവര്‍ സഞ്ചരിച്ചത്. അടുത്ത സൂര്യോദയത്തില്‍ ഉണരാന്‍ തക്കവണ്ണമാണ് റോവറിന്റെ സോളാര്‍ പാനല്‍ ക്രമീകരിച്ചിരിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ നേരത്തെ നിശ്ചയിച്ചിരുന്ന 14 ദിവസത്തെ പ്രവര്‍ത്തന ചക്രത്തിന് ഉപരിയായി അധികവിവരങ്ങള്‍ റോവര്‍ ഐഎസ്ആര്‍ഒയ്ക്ക് കൈമാറും.