LIFETRENDING

മോഹന്‍ലാലിന്റെ അഭിനയ മികവില്‍ ശ്രദ്ധിക്കപ്പെടാതെ പോയ കഥാപാത്രമാണ് ലേഖ: ബ്ലെസി

മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു തന്മാത്ര എന്ന ചിത്രത്തിലെ രമേശന്‍ നായര്‍. അള്‍ഷിമേഴ്‌സ് രോഗം ബാധിച്ച് ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് തുടങ്ങുന്ന കഥാപാത്രമായി മോഹന്‍ലാല്‍ ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. പത്മരാജന്റെ ചെറുകഥയെ അവലംബിച്ച് ബ്ലെസിയാണ് തന്മാത്രയെന്ന ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം വാണിജ്യപരമായി വിജയം നേടുകയും നിരൂപകപ്രീതി സമ്പാദിക്കുകയും ചെയ്തിരുന്നു.

ഒരു സ്വകാര്യ ചാനലില്‍ മോഹന്‍ലാലിനും ചിത്രത്തിലെ നായികയായി അഭിനയിച്ച മീര വാസുദേവിനൊപ്പവും സംസാരിക്കവേയാണ് സംവിധായകനായ ബ്ലെസി തനിക്ക് പ്രീയപ്പെട്ട കഥാപാത്രങ്ങളെക്കുറിച്ച് പറഞ്ഞത്. തന്മാത്രയെന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ രമേശന്‍ നായര്‍ നഗ്നനായി നില്‍ക്കുന്ന രംഗം ഒരു അഭിനേതാവ് ചെയ്യുമെന്ന് എന്ത് ഉറപ്പിലാണ് താങ്കള്‍ എഴുതിയെതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സംവിധായകനായ ബ്ലെസി. കഥയ്ക്ക് ആവശ്യമായതുകൊണ്ടാണ് അത്തരത്തിലൊരു രംഗം എഴുതിയതെന്നും അത് എല്ലാ അര്‍ത്ഥത്തിലും ഉള്‍ക്കൊണ്ട് അഭിനേതാക്കള്‍ കഥാപാത്രമാവാന്‍ തയ്യാറാകുമെന്നും തനിക്കുറപ്പുണ്ടായിരുന്നുവെന്നാണ് ബ്ലെസി മറുപടി നല്‍കിയത്.

Signature-ad

ചിത്രത്തില്‍ മീര വാസുദേവ് അഭിനയിച്ച ലേഖ എന്ന കഥാപാത്രം വളരെ ശക്തമാണെന്നും മോഹന്‍ലാലിന്റെ അഭിനയമികവില്‍ വേണ്ട വിധം പരാമര്‍ശിക്കപ്പെടാതെ പോയതാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. അച്ചന്‍ മരിച്ച കാര്യം സ്വന്തം മകനെ അറിയിക്കാതെ അവന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസത്തിലേക്ക് യാത്രയാക്കുന്ന അമ്മയെ മീര വളരെ മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ ഇത്രയും പ്രധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ തനിക്ക് 23 വയസായിരുന്നുവെന്നും എന്ത് ധൈര്യത്തിലാണ് ബ്ലെസിസാര്‍ തന്നെ ചിത്രത്തിലേക്ക് ക്ഷണിച്ചതെന്നറിയില്ലെന്നും മീര പറഞ്ഞു.

മോഹന്‍ലാല്‍ എന്ന നടന് മേലെ താരം വിജയിച്ച് നില്‍ക്കുന്ന സമയത്താണ് തന്മാത്രയുടെ തിരക്കഥ പൂര്‍ത്തിയാവുന്നത്. മോഹന്‍ലാല്‍ എന്ന താരത്തിന്റെ സിനിമ കച്ചവടമാകാന്‍ വേണ്ടിയിരുന്ന ഘടകങ്ങളൊന്നുമില്ലാതിരുന്ന തിരക്കഥയായിരുന്നു തന്മാത്രയുടേത്. അതുകൊണ്ട് തന്നെ നിര്‍മ്മാതാക്കളില്‍ പലരും ചിത്രത്തില്‍ നിന്നും പിന്മാറാന്‍ തുടങ്ങിയിരുന്നു. പിന്നീട് പൂര്‍ത്തിയാക്കിയ തിരക്കഥ മോഹന്‍ലാലിനെ വായിച്ച് കേള്‍പ്പിച്ച ശേഷം അദ്ദേഹമാണ് നിര്‍മ്മാതക്കളോട് ഈ തിരക്കഥയില്‍ നിന്നും ഒരു വരി മാറ്റിയാല്‍ ഈ സിനിമ ചെയ്യില്ലെന്ന് പറയുന്നത്. ആ പിന്തുണയാണ് ഒരു എഴുത്തുകാരനെന്ന നിലയിലും സംവിധായകനെന്ന നിലയിലും തന്നെ നിലനിര്‍ത്തിയത്-ബ്ലെസി പറയുന്നു

Back to top button
error: