LIFEMovie

അച്ഛനും അമ്മയും കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നതുകൊണ്ടോ, പ്രായമായി എന്നത് കൊണ്ടൊ, പെട്ടെന്ന് വിവാഹ തീരുമാനം എടുക്കരുതെന്ന് വിശാൽ

ചെന്നൈ: തമിഴ് സിനിമ ലോകത്തെ പ്രധാനപ്പെട്ട നടനാണ് വിശാൽ. ചെല്ലമെ എന്ന ചിത്രത്തിൽ 2004 സിനിമ രംഗത്ത് എത്തിയ വിശാലിന് പറയാൻ കുറേ ഹിറ്റുകൾ തമിഴ് രംഗത്തുണ്ട്. അടുത്തിടെ എന്നാൽ തുടർ പരാജയങ്ങളാണ് താരത്തിന്. ഇതിൽ നിന്നും ഒരു തിരിച്ചുവരവാണ് മാർക്ക് ആൻറണി എന്ന ചിത്രത്തിലൂടെ താരം ആഗ്രഹിക്കുന്നത്. റിലീസിന് തയ്യാറാകുന്ന മാർക്ക് ആൻറണിയുടെ തിരക്കിട്ട പ്രമോഷനിലാണ് താരം.

ഇത്തരം ഒരു പ്രമോഷനിലാണ് വിവാഹത്തെക്കുറിച്ച് വിശാൽ തുറന്നു പറയുന്നത്. 46 വയസുകാരനായ വിശാൽ ഇപ്പോഴും അവിവാഹിതനാണ്. എന്നാൽ താരത്തിൻറെ വിവാഹ നിശ്ചയം 2019 ൽ വളരെ ആഘോഷത്തോടെ നടന്നിരുന്നു. പക്ഷെ പിന്നീട് ഈ വിവാഹം മുടങ്ങിയതാണ് സിനിമ ലോകം അറിഞ്ഞത്. വിശാലും പെൺകുട്ടിയും തമ്മിൽ ഒത്തുപോകില്ല എന്ന് അറിഞ്ഞതോടെയാണ് ഈ വിവാഹം ഉപേക്ഷിച്ചത് എന്നാണ് അന്ന് വന്ന വിവരം. പലപ്പോഴും ഗോസിപ്പുകളിൽ പെടാറുള്ള താരമാണ് വിശാൽ അടുത്തിടെ നടി ലക്ഷ്മി മേനോനും വിശാലും വിവാഹിതരാകാൻ പോകുന്നെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ വാർത്ത നിഷേധിച്ച് കൊണ്ട് വിശാൽ രം​ഗത്തെത്തിയിരുന്നു. ഒരു കാലത്ത് വിശാൽ ചിത്രങ്ങളിൽ തുടർച്ചയായി നായികയായപ്പോൾ ഇരുവരെക്കുറിച്ചും ഗോസിപ്പുകൾ കേട്ടിരുന്നു.

Signature-ad

വിശാലും നടൻ ശരത് കുമാറിൻറെ മകളും നടിയുമായ വരലക്ഷ്മിയും തമ്മിലുള്ള ബന്ധം ഏറെ ചർച്ചയായതായിരുന്നു. എന്നാൽ ഇരുവരും അത് സംബന്ധിച്ച് ഔദ്യോഗികമായി ഒന്നും പറഞ്ഞിരുന്നില്ല. അതേ സമയമാണ് തൻറെ വിവാഹത്തെക്കുറിച്ച് മാർക്ക് ആൻറണി പ്രമോഷൻ അഭിമുഖത്തിൽ വിശാൽ പറഞ്ഞത്. വളരെ ആലോചിച്ച് എടുക്കേണ്ട തീരുമാനമാണ് വിവാഹം. ഇപ്പോൾ എവിടെ നോക്കിയാലും വിവാഹമോചനമാണ്. പരസ്പരം മനസ്സിലാക്കണം. ദേഷ്യപ്പെടരുത്. വിവാഹത്തിലേക്ക് കടക്കുമ്പോൾ വളരെ ആലോചിച്ച് തീരുമാനമെടുക്കുക. അച്ഛനും അമ്മയും കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നതുകൊണ്ടോ, പ്രായമായി എന്നത് കൊണ്ടൊന്നും പെട്ടെന്ന് വിവാഹം തീരുമാനം എടുക്കരുതെന്ന് വിശാൽ പറഞ്ഞു.

വിശാൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാർക്ക് ആന്റണി. വിശാലിന്റെ സ്റ്റൈലൻ മേയ്‍ക്കോവർ തന്നെ ചിത്രത്തിൽ പ്രതീക്ഷകൾ നൽകുന്നതാണ്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ സംഗീത സംവിധാനം ജി വി പ്രകാശ് കുമാറാണ്. എസ്.ജെ സൂര്യ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തെലുങ്ക് താരം സുനിലും ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തുന്നുണ്ട് ചിത്രത്തിൽ.

Back to top button
error: